NATIONAL

സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ ഇന്ത്യക്കാര്‍ക്ക് 2024ല്‍ മാത്രം നഷ്ടമായത് 22,842 കോടി; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് പഠനം

2024ല്‍ സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ നഷ്ടപ്പെട്ട പണത്തിന്റെ തോത് മുൻ വർഷത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധിച്ചു.

Author : ന്യൂസ് ഡെസ്ക്

2024ല്‍ മാത്രം സൈബര്‍ ക്രൈമിലൂടെ ഇന്ത്യക്കാര്‍ക്കാര്‍ക്ക് 22,842 കോടി രൂപ നഷ്ടമായെന്ന് പഠനം. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡാറ്റാലീഡ്‌സ് എന്ന മീഡിയ, ടെക്ക് കമ്പനിയാണ് പഠനം നടത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥാപിച്ച ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (14 സി) പ്രതീക്ഷിക്കുന്നത് ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് 1.2 ലക്ഷം കോടി രൂപയോളം നഷ്ടപ്പെടുമെന്നാണ്.

2024ല്‍ സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ നഷ്ടപ്പെട്ട പണത്തിന്റെ തോത് 2023നേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധിച്ചു. 2023ല്‍ 7,465 കോടിയായിരുന്നു നഷ്ടപ്പെട്ടത്. എന്നാല്‍ 2022ലെ കണക്കുമായി താരതമ്യം ചെയ്താല്‍ പത്ത് മടങ്ങായി വര്‍ധിച്ചിട്ടുണ്ടെന്നും ഡാറ്റാലീഡ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ 2,306 കോടിയായിരുന്നു സൈബര്‍ തട്ടിപ്പികൡലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത്.

സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളും സമാനമായി വര്‍ധിക്കുന്നുണ്ട്. 2024ല്‍ 24 ലക്ഷത്തിനടുത്ത് പരാതികളാണ് ലഭിച്ചത്. 2023ല്‍ 15.6 ലക്ഷം പരതികളും ലഭിച്ചു. 2019 ല്‍ ലഭിച്ച പരാതികളേക്കാള്‍ 10 മടങ്ങ് വര്‍ധനയാണ് 2024 ല്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനായുള്ള കാരണമായി കണക്കാക്കുന്നത് ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ഉയര്‍ന്ന ഉപയോഗവും വ്യക്തിപരമോ സാമ്പത്തിക പരമോ ആയ വിവരങ്ങള്‍ വാട്‌സ്ആപ്പ് ടെലഗ്രാം തുടങ്ങിയ ചാറ്റിങ് പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കുന്നതുമാണ്.

ഫെഡറല്‍ ഡാറ്റ പ്രകാരം 2025ല്‍ മാത്രം 190 ലക്ഷം യുപിഐ പേയമെന്റുകള്‍ നടന്നിട്ടുണ്ട്. ഇതിലൂടെ 24.03 ലക്ഷം കോടി രൂപയാണ് കൈമാറപ്പെട്ടത്. ആഗോള തലത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടക്കുന്നതില്‍ പകുതിയും ഇന്ത്യയില്‍ നിന്നാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളിലൂടെയും മറ്റുമുള്ള പണമിടപാടുകള്‍ വര്‍ധിച്ചതാണ് ഇത്തരത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമായത്.

SCROLL FOR NEXT