പ്രതീകാത്മക ചിത്രം  Source: AG Group
NATIONAL

ഇന്ത്യയുടെ അതിദാരിദ്ര്യ നിരക്ക് 27.1 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായി കുറഞ്ഞു; കണക്ക് പുറത്തുവിട്ട് ലോക ബാങ്ക്

11 വര്‍ഷംകൊണ്ട് 26.9 കോടി ജനങ്ങള്‍ അതി ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടന്നെന്നാണ് ലോക ബാങ്കിന്റെ കണക്കില്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ അതിദാരിദ്ര്യ നിരക്ക് 27.1 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായി കുറഞ്ഞെന്ന് ലോക ബാങ്ക്. 2022-23 വര്‍ഷത്തെ കണക്കാണ് പുറത്തുവന്നത്. ലോക ബാങ്കിന്റെ കണക്ക് പ്രകാരം 2011-12 വര്‍ഷത്തില്‍ 27.1 ശതമാനം, അതായത് 34.4 കോടിയായിരുന്നു രാജ്യത്തെ ദാരിദ്ര്യ നിരക്ക്. എന്നാല്‍ 2022-23 വര്‍ഷത്തില്‍ അത് 7.5 കോടിയായി ചുരുങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

11 വര്‍ഷംകൊണ്ട് 26.9 കോടി ജനങ്ങള്‍ അതി ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടന്നെന്നാണ് ലോക ബാങ്കിന്റെ കണക്കില്‍ പറയുന്നത്.

2011-12 കാലത്ത് 65 ശതമാനം ദാരിദ്ര്യ നിരക്കും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉണ്ടായിരുന്നത്. 2022-23 ആകുമ്പോഴേക്കും ദാരിദ്ര്യത്തില്‍ വലിയ കുറവ് സംഭവിച്ചത് ഈ സംസ്ഥാനങ്ങളിലാണ്.

2021ലെ വിലവിവര കണക്കനുസരിച്ച് പ്രതിദിനം 3 ഡോളര്‍ വരെ ചെലവാക്കുന്നവര്‍ എന്ന അന്താരാഷ്ട്ര അന്താരാഷ്ട്ര ദാരിദ്ര്യ രേഖയെ അടിസ്ഥാനമാക്കിയാണ് ലോക ബാങ്കിന്റെ വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ അതി ദാരിദ്ര്യം 18.4 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി കുറഞ്ഞെന്നും നഗര മേഖലയിലെ അതി ദാരിദ്ര്യം 10.7 ശതമാനത്തില്‍ നിന്ന് 1.1 ശതമാനമായി 11 വര്‍ഷം കൊണ്ട് മാറിയെന്നും കണക്കില്‍ പറയുന്നു.

മള്‍ട്ടിഡയമെന്‍ഷണല്‍ ദാരിദ്ര്യ സൂചികയിലും വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എംപിഐ 2005-06 കാലത്തെ 53.8 ശതമാനം എന്ന കണക്കില്‍ നിന്നും 2019-21 ലേക്കെത്തിയപ്പോള്‍ 2022-23 ല്‍ അത് 15.5 ശതമാനമായി കുറഞ്ഞു.

SCROLL FOR NEXT