ഷീന ബോറ കൊലക്കേസ് Source; ഫയൽ ചിത്രം
NATIONAL

തൻ്റെ പേരിൽ നൽകിയത് വ്യാജമൊഴി; ഷീന ബോറ കൊലക്കേസിൽ സിബിഐക്കെതിരെ ഇന്ദ്രാണി മുഖര്‍ജിയുടെ മകൾ

സിബിഐയുടെ കുറ്റപത്രത്തിൽ തൻ്റേതെന്ന പേരിൽ കോടതിയിൽ സമർപ്പിച്ച മൊഴി കള്ളവും, കെട്ടിച്ചമച്ചതുമാണ്. തൻ്റെ മാതാപിതാക്കളെ കേസിൽ കുടുക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ മൊഴി- വിധി മുഖർജി കോടതിയിൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഷീന ബോറ കൊലപാതക കേസിൽ സിബിഐക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ദ്രാണിയുടെ മകൾ വിധി മുഖർജി. തൻ്റെ പേരിൽ സിബിഐ വ്യാജ മൊഴിയാണ് നൽകിയതെന്ന് വിചാരണയ്ക്കിടെ വിധി മുഖ‍ർജി കോടതിയെ അറിയിച്ചു. കേസിൽ അച്ഛനെയും അമ്മയെയും കുടുക്കാൻ ശ്രമിക്കുന്നുവെന്നും വിധിയുടെ ആരോപണം.

കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസിലൊന്നാണ് ഷീന ബോറ കൊലപാതകം. ഈ കേസിലാണിപ്പോൾ മുഖ്യ ദൃക്സാക്ഷിയായി സിബിഐ രേഖപ്പെടുത്തിയ വിധി മുഖർജി സിബിഐക്കെതിരെ തന്നെ തിരിഞ്ഞത്. പ്രത്യേക സിബിഐ കോടതിയിൽ വിചാരണയ്ക്കിടെ ഗുരുതര ആരോപണങ്ങൾ വിധി ഉന്നയിച്ചു. സിബിഐയുടെ കുറ്റപത്രത്തിൽ തൻ്റേതെന്ന പേരിൽ കോടതിയിൽ സമർപ്പിച്ച മൊഴി കള്ളവും, കെട്ടിച്ചമച്ചതുമാണ്. തൻ്റെ മാതാപിതാക്കളെ കേസിൽ കുടുക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ മൊഴി- വിധി മുഖർജി കോടതിയിൽ പറഞ്ഞു.

2015 ൽ കൊലക്കേസ് പുറത്തുവന്ന സമയത്ത് തനിക്ക് പ്രായപൂർത്തി ആയിരുന്നില്ല. ഇമെയിലുകളും ബാങ്ക് കടലാസുകളും രേഖകളും അടക്കം ഒപ്പിട്ട് നൽകാൻ സിബിഐ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. വിധി ജസ്റ്റിസ് ജെ പി ദാരേക്കറിന് മുമ്പാകെയാണ് മൊഴി നൽകിയത്. ഇന്ദ്രാണിയുടെ ആദ്യവിവാഹത്തിലെ മകളുമായി രണ്ടാം ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകൻ അടുത്തതോടെ, 2012 ല്‍ മകള്‍ ഷീന ബോറയെ, മുന്‍ ഭര്‍ത്താവായ സഞ്ജയ് ഖന്നയും, ഡ്രൈവര്‍ ശ്യാംവർ റായിയുമായി ഗൂഡാലോചന നടത്തി ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയെന്നാണ് കേസ്.

എന്നാൽ ഇന്ദ്രാണിയെ കേസിൽ കുടുക്കാൻ പീറ്റർ മുഖർജിയുടെ മക്കളായ രാഹുലും റാബിനും ശ്രമിക്കുന്നുവെന്നും വിധി കോടതിയെ അറിയിച്ചു. ഇന്ദ്രാണിയുടെ കോടിക്കണക്കിന് വിലമതിക്കുന്ന പൂർവ്വിക ആഭരണങ്ങളും 7 കോടി രൂപയും ഇരുവരും ചേർന്ന് തട്ടിയെടുതെന്നും അതുകൊണ്ട് തന്നെ അമ്മയ്ക്ക് കേസ് നടത്താൻ പോലും പണമില്ലെന്നും വിധി കോടതിയിൽ പറഞ്ഞു. 012 ൽ ഷീന ബോറയെ കാണാതായതോടെ സുഹൃത്തായ രാഹുൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും രാഹുലിന്റെ ശല്യം കാരണം ഷീന ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോയന്നായിരുന്നു ഇന്ദ്രാണി പൊലീസില്‍ മൊഴി നല്‍കിയത്.

2015 ൽ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ഷ്യാംവര്‍ റായ് തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീനയുടെ തിരോധാനം കൊലക്കേസായി മാറുന്നത്. ഷ്യാംവറാണ് കൊലപാതക വിവരം മുംബൈ പോലീസിനെ അറിയിച്ചത്. അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തറിഞ്ഞത്. രാഹുല്‍ മുഖര്‍ജിയും മകളും തമ്മിലുള്ള ബന്ധം ഇന്ദ്രാണിയ്ക്ക് ഇഷ്ടമായിരുന്നില്ല. മുംബൈയില്‍ ഒരു വീട് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷീന, ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

കേസില്‍ സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയും ഇന്ദ്രാണിയുടെ ഭര്‍ത്താവുമായിരുന്ന പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഇരുവരും വിവാഹമോചിതരായി. പീറ്റര്‍ മുഖര്‍ജിക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ഇന്ദ്രാണി മുഖര്‍ജിക്ക് CBI കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നില്ല... തുടർന്ന് ഇന്ദ്രാണിക്ക് സുപ്രീം കോടതി ജാമ്യം നല്‍കി.. ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം ലഭിച്ചത്.

SCROLL FOR NEXT