Source: X
NATIONAL

കടലു കാക്കാന്‍ 'ഡോള്‍ഫിന്‍ വേട്ടക്കാരന്‍' ഇറങ്ങുന്നു

മണിക്കൂറിൽ 25 നോട്ടിക്കല്‍ മൈല്‍ വേഗതയിൽ കുതിക്കാൻ ഇതിന് സാധിക്കും

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർധിപ്പിച്ച് ഐഎൻഎസ് 'അഞ്ചദ്വീപ്' നീറ്റിലിറങ്ങുന്നു. പൂർണമായും തദ്ദേശീയമായി നിർമിച്ച ഈ യുദ്ധക്കപ്പൽ ചെന്നൈയിൽ ഈ മാസം 27ന് കമ്മീഷൻ ചെയ്യും. ശത്രു അന്തർവാഹിനികളെ തകർക്കാനായി രാജ്യം രൂപകല്‍പന ചെയ്ത, 'ആന്‍റി സബ്‍മറീന്‍ വാർഫേർ ഷാലോ വാട്ടർ ക്രാഫ്റ്റ്' പദ്ധതി വഴി തയ്യാറാക്കിയ രാജ്യത്തെ മൂന്നാമത്തെ പടക്കപ്പല്‍ 'അഞ്ചദ്വീപിൻ്റെ സവിശേഷതകളേറെയാണ്.

കടലിലെ ആഴംകുറഞ്ഞ ഭാഗങ്ങളില്‍ ശത്രു നീക്കങ്ങളെ നിമിഷനേരം കൊണ്ട് കണ്ടെത്താൻ ശേഷിയുള്ള 'ഡോൾഫിൻ ഹണ്ടർ'ഇന്ത്യൻ തീരദേശ സുരക്ഷയിൽ പുതിയൊരു നാഴികക്കല്ലാണ്. ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായി കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് നിർമിച്ച ഈ കപ്പൽ, വരാനിരിക്കുന്ന 27-ാം തീയതി നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി രാജ്യത്തിന് സമർപ്പിക്കും.

77 മീറ്റർ നീളമുള്ള ഈ അത്യാധുനിക കപ്പലിൽ തദ്ദേശീയമായി നിർമ്മിച്ച 'അഭയ്' സോണാറുകളും ലൈറ്റ് വെയിറ്റ് ടോർപ്പിഡോകളുമാണുള്ളത്. മണിക്കൂറിൽ 25 നോട്ടിക്കല്‍ മൈല്‍ വേഗതയിൽ കുതിക്കാൻ ഇതിന് സാധിക്കും.

കർവാർ തീരത്തുള്ള ചരിത്രപ്രധാനമായ ദ്വീപിന്റെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്. തമിഴ്‌നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ തീരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ കപ്പൽ നിർണായക പങ്കുവഹിക്കും.കേവലം ഒരു യുദ്ധക്കപ്പൽ എന്നതിലുപരി, ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെ വിളംബരം കൂടിയാണ് അഞ്ചദ്വീപ്.

SCROLL FOR NEXT