NATIONAL

തലച്ചോറും ഹൃദയവുമടക്കം ഒരു അവയവവുമില്ല; വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ യുവാവിന്റെ പോസ്റ്റമോര്‍ട്ടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കപ്പലിൽ വച്ച് ചൗഹാന്‍ വീണു എന്നായിരുന്നു ആദ്യം കുടുംബത്തെ അധികൃതര്‍ അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വെനസ്വേലയില്‍ 2026 മെയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ ആന്തരികാവയവങ്ങള്‍ കാണാതായതായി റിപ്പോര്‍ട്ട്. മൃതദേഹം വെനസ്വേലയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചപ്പോഴാണ് യുവാവിന്റെ തലച്ചോറ്, ഹൃദയം, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങള്‍ കാണാതായതായി വാര്‍ത്തകള്‍ പുറത്തുവരുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ഫെഡറേഷന്‍ ഓഫ് സീഫറേഴ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയാണ് മരിച്ച 33 കാരനായ രാകേഷ് ചൗഹാന്‍. വെനസ്വേലയില്‍ വച്ച് ഹൃദയാഘാതം മൂലമാണ് രാകേഷ് മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

'കുടുംബം ഒരു റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു. ഓഫീഷ്യല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഒരൊറ്റ ആന്തരികാവയവം പോലും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ബ്രെയ്ന്‍ ഉണ്ടായിരുന്നില്ല, ഹൃദയം, ശ്വാസകോശം, ലിവര്‍, കിഡ്‌നി, പ്ലീനം, പാന്‍ക്രിയാസ് കുടല്‍ തുടങ്ങി ഒന്നും ഉണ്ടാരുന്നില്ല. തൈറോയ്ഡ് ഗ്രന്ഥിയടക്കം കാണാനില്ലായിരുന്നു,' എഫ്എസ്‌യുഐ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ മരണം സംബന്ധിച്ച ഒരു വിശാദാംശങ്ങളും ഇല്ലാതെയാണ് ഭൗതികാവശിഷ്ടങ്ങള്‍ വെനസ്വേലന്‍ അധികൃതര്‍ ഇന്ത്യയിലേക്ക് അയച്ചത്.

മൃതശരീരത്തില്‍ ധാരാളം തുന്നലുകള്‍ ഉണ്ടായിരുന്നു. കഴുത്തില്‍ നിന്ന് പ്യൂബിക് സിംഫിസിസിലേക്ക് 22 തുന്നലുകള്‍, ചെവിയില്‍ നിന്ന് ചെവിയിലേക്ക് 21 തുന്നലുകളുമുണ്ടായിരുന്നു. മരണാനന്തര പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. ഒരു മാസത്തോളം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു. അവയവങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ മരണകാരണം നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞില്ലെന്നും എഫ്എസ്‌യുഐ പറയുന്നു.

2025 നവംബറിലാണ് രാകേഷ് ചൗഹാന്‍ മെര്‍ച്ചന്റ് നേിയുടെ ഭാഗമായി വെനസ്വേലയിലേക്ക് പോകുന്നത്. എക്‌സ്ഫിനിറ്റി എന്ന കമ്പനിയിലായിരുന്നു രാകേഷ് ജോലി ചെയ്തിരുന്നത്.

ഷിപ്പില്‍ വച്ച് ചൗഹാന്‍ വീണു എന്നായിരുന്നു ആദ്യം കുടുംബത്തെ അധികൃതര്‍ അറിയിച്ചത്. 95 ശതമാനം അതിജീവിക്കാനുള്ള സാധ്യതയില്ലെന്നും കുടുംബത്തെ അറിയിച്ചു. വൈകുന്നേരത്തോടെ രാകേഷ് ചൗഹാന്‍ മരിച്ചെന്നും വീണപ്പോഴുണ്ടായ പരിക്ക് കാരണമാണ് മരിച്ചതെന്നും കമ്പനി അറിയിച്ചു.

SCROLL FOR NEXT