NATIONAL

"ചരിത്രം അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ ഇരിക്കില്ലായിരുന്നു"; മാര്‍ക്കോ റൂബിയോയെ പരിഹസിച്ച് ഇറാന്‍

റൂബിയോയെ ചരിത്രം ഓര്‍മിപ്പിച്ചും പരിഹസിച്ചുമായിരുന്നു പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ചരിത്രം ഓര്‍മിപ്പിച്ച് ഇറാന്‍. കഴിഞ്ഞ ദിവസം താജ് മഹലിനു മുന്നില്‍ നിന്ന് മാര്‍ക്കോ റൂബിയോയും ഭാര്യ ജെന്നെറ്റ് റൂബിയോയും ഫോട്ടോ എടുത്തിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഹൈദരാബാദിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രതികരണവുമായി രംഗത്തെത്തിയത്. റൂബിയോയെ ചരിത്രം ഓര്‍മിപ്പിച്ചും പരിഹസിച്ചുമായിരുന്നു പ്രതികരണം. ചരിത്രമോ വാസ്തുവിദ്യയെ കുറിച്ചോ അറിയുമായിരുന്നെങ്കില്‍ മാര്‍ക്കോ റൂബിയോ താജ്മഹലിനു മുന്നിലിരുന്ന് ഇങ്ങനെ ഫോട്ടോ എടുക്കില്ലെന്നായിരുന്നു പരിഹാസം.

തന്റെ ഇറാനിയന്‍ ഭാര്യയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായാണ് ഷാജഹാന്‍ താജ്മഹല്‍ പണികഴിപ്പിച്ചത്. കെട്ടിടം നിര്‍മിച്ചത് പ്രതിഭാശാലികളായ ഇറാനിയന്‍ വാസ്തുശില്‍പ്പികളാണ്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇറാനിയന്‍ സമൂഹത്തെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. താജ്മഹലിന്റെ ചരിത്രമോ വാസ്തുവിദ്യയെ കുറിച്ചോ അറിയുമായിരുന്നെങ്കില്‍ മാര്‍ക്കോ റൂബിയോ അതിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുമായിരുന്നില്ല- ഹൈദരാബാദിലെ ഇറാന്‍ കോണ്‍സുലേറ്റ് എക്‌സില്‍ കുറിച്ചു.

മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ കുറിച്ചു,

"നൂറ്റാണ്ടുകളായി ആഴത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ബന്ധമാണ് ഇസ്ലാമും ഇറാനും തമ്മിലുള്ളത്. ക്ലാസിക്കല്‍ ഇസ്ലാമിക നാഗരികതയിലെ പ്രത്യേകിച്ച് ഗണിതം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത, രസതന്ത്രം, ഹദീസ് എന്നിവയില്‍ ഏറ്റവും പ്രമുഖരായ പണ്ഡിതന്മാരിലും ഗ്രന്ഥകര്‍ത്താക്കളിലും വലിയൊരു വിഭാഗം ഇറാനില്‍ നിന്നുള്ളവരായതിന് പ്രധാന കാരണവും ഈ ആഴമേറിയ ചരിത്രപരമായ ബന്ധമാണ്. പ്രശസ്ത ചരിത്രകാരനായ ബെര്‍ണാഡ് ലൂയിസ് നിരീക്ഷിച്ചതുപോലെ: 'സാംസ്‌കാരികമായും രാഷ്ട്രീയമായും മതപരമായിപ്പോലും ആധുനിക ഇസ്ലാമിക നാഗരികതയ്ക്ക് ഇറാനികള്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്".

മുഗള്‍ രാജാവായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ ഓര്‍മയ്ക്കായി 1632 ലാണ് താജ്മഹല്‍ പണികഴിപ്പിച്ചത്. പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരുന്നിയ മുഗള്‍ വാസ്തുവിദ്യയുടെ മികച്ച മാതൃകയായാണ് ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ വിലയിരുത്തപ്പെടുന്നത്.

പേര്‍ഷ്യയിലെ പ്രമുഖ പ്രഭു കുടുംബത്തിലെ അംഗമായിരുന്നു മുംതാസ് മഹല്‍. പേര്‍ഷ്യന്‍ പ്രഭുവായ അബ്ദുല്‍ ഹസന്‍ ആസഫിന്റെ പുത്രിയാണ് അര്‍ജുമന്ദ് ബാനു ബീഗം എന്ന മുംതാസ്. മാതാവ് ദിവാന്‍ജി ബീഗം ഇറാനിലെ ഖസ്വിനില്‍ നിന്നുള്ള പേര്‍ഷ്യന്‍ പ്രഭു ഖ്വാജ ഗിയാസുദ്ദീന്റെ മകളായിരുന്നു.

ടെഹ്‌റാനില്‍ നിന്നുള്ള മിര്‍സ ഗിയാസ് ബേഗ് ആണ് മുംതാസിന്റെ മുത്തശ്ശന്‍. 1577-ല്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ സേവനമനുഷ്ഠിക്കാനായാണ് മിര്‍സ ഗിയാസ് ബേഗ് ഇന്ത്യയിലെത്തിയത്. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പത്‌നി നൂര്‍ജഹാന്‍ രാജ്ഞിയുടെ അനന്തരവള്‍ കൂടിയാണ് മുംതാസ് മഹല്‍.

SCROLL FOR NEXT