അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ഭീകരവിരുദ്ധ സ്ക്വാഡ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരനെ അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ മുഹമ്മദ് സഹറുൽ ഇസ്ലാം ആണ് പിടിയിലായത്.
വഡോദര ജില്ലയിലെ ജറോദ് ബസ് സ്റ്റാൻഡിന് സമീപത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും ഒരു എകെ-47 റൈഫിളും 23 വെടിയുണ്ടകളും സുരക്ഷാസേന പിടിച്ചെടുത്തു. അനധികൃത ആയുധങ്ങളുമായി ഭീകരബന്ധമുള്ള ഒരാൾ മേഖലയിൽ എത്തിയതായുള്ള രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് ഗുജറാത്ത് എടിഎസ് പ്രത്യേക ഓപ്പറേഷൻ ആസൂത്രണം ചെയ്തത്.
അസമിൽ നിന്നും ഇയാൾ എപ്പോഴാണ് ഗുജറാത്തിലേക്ക് എത്തിയതെന്നും, എകെ-47 തോക്കും തിരകളും എവിടെ നിന്നാണ് ലഭിച്ചതെന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ജൂലൈയിൽ ഗുജറാത്തിൽ നിന്നും മധ്യപ്രദേശിൽ നിന്നുമായി ജെയ്‌ഷെ മുഹമ്മദ് ബന്ധമുള്ള എട്ട് പേരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആയുധങ്ങളുമായി മറ്റൊരു ഭീകരൻ കൂടി വഡോദരയിൽ വലയിലായിരിക്കുന്നത്.