206 കോടി രൂപയുടെ സ്വർണം തിരുപ്പതിക്ക്; ആരാണ് ഈ കോടീശ്വരൻ വർധ്മാൻ ജെയിൻ?

46 സ്വർണാഭരണങ്ങളാണ് ഈ ദാനത്തിലുള്ളത്. കിരീടം, മാലകൾ, കൈവളകൾ, അരയാഭരണങ്ങൾ തുടങ്ങി നിരവധി പരമ്പരാഗത ആഭരണങ്ങൾ. ചിലതിൽ വജ്രങ്ങളും പതിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ദാനം.
206 കോടി രൂപയുടെ സ്വർണം തിരുപ്പതിക്ക്; ആരാണ് ഈ കോടീശ്വരൻ വർധ്മാൻ ജെയിൻ?
Published on: 
Updated on: 

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ഭഗവാൻ വെങ്കിടേശ്വരന് 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ചിരിക്കുകയാണ് ചെന്നൈയിലെ വ്യവസായിയായ വർധ്മാൻ ജെയിനും ഭാര്യ രാധിക ജെയിനും. 46 സ്വർണാഭരണങ്ങളാണ് ഈ ദാനത്തിലുള്ളത്. കിരീടം, മാലകൾ, കൈവളകൾ, അരയാഭരണങ്ങൾ തുടങ്ങി നിരവധി പരമ്പരാഗത ആഭരണങ്ങൾ. ചിലതിൽ വജ്രങ്ങളും പതിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ദാനം.

എന്നാൽ, ഇത്രയും വലിയൊരു സ്വർണദാനം നടത്തിയ വർധ്മാൻ ജെയിൻ ആരാണ്?. ചെന്നൈയിലെ ലയോള കോളേജിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തി. 1997-ൽ അനുരാഗ് ജെയിനിനൊപ്പം വിഷൻ ​ഹെൽത്ത് സോഴ്സ് എന്ന കമ്പനി സ്ഥാപിച്ചുകൊണ്ടായിരുന്നു സംരംഭക ലോകത്തേക്കുള്ള പ്രവേശനം. ആരോഗ്യ മേഖലയിലെ ബില്ലിങ്, ഇൻഷുറൻസ് ക്ലെയിം മാനേജ്മെന്റ് തുടങ്ങിയവയായിരുന്നു കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങൾ. തുടർന്ന് ഡെൽ സർവീസസിന്റെ ആഗോള ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് വിഭാഗത്തിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു. നൂറിലധികം ക്ലയന്റുകൾക്കും ഏകദേശം 9,000 ജീവനക്കാർക്കും നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം ആക്സസ് ഹെൽത്ത്കെയർ എന്ന സംരംഭം ആരംഭിച്ചത്.

ബിസിനസിൽ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് വർധ്മാൻ ജെയിൻ. ശ്രീ സരിത ജെയിൻ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയാണ് അദ്ദേഹം. പിന്നാക്ക വിഭാഗങ്ങളിലെ യുവാക്കൾക്ക് തൊഴിൽ പരിശീലനവും അവസരങ്ങളും നൽകുന്നതിനായി ആവിഷ്കാർ സംരംഭവും ആരംഭിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണ മേഖലയിലും അദ്ദേഹത്തിന്റെ സഹായങ്ങൾ എത്തുന്നുണ്ട്.

206 കോടി രൂപയുടെ സ്വർണം തിരുപ്പതിക്ക്; ആരാണ് ഈ കോടീശ്വരൻ വർധ്മാൻ ജെയിൻ?
ഭാര്യമാരെ കാണാനില്ലെന്ന് പരാതി; ഒടുവിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം! സഹോദരങ്ങൾ മൃതദേഹങ്ങൾ കുഴിച്ചുമൂടിയത് വനത്തിൽ

തിരുപ്പതി ക്ഷേത്രവുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുമ്പ് ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിനായി 7 കോടി രൂപയും, ക്ഷേത്രത്തിലെ ഗോശാലയ്ക്ക് കാലിത്തീറ്റ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാൻ 5 കോടി രൂപയും, നാണയങ്ങൾ തരംതിരിക്കുന്ന യന്ത്രത്തിനായി ഒരു കോടി രൂപയും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ ഗതാഗതത്തിനായി ഇലക്ട്രിക് ബസുകളും നൽകിയിട്ടുണ്ട്. ഇപ്പോൾ 121 കിലോ സ്വർണത്തിന്റെ ഈ ദാനത്തോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് വർധ്മാൻ ജെയിൻ. 206 കോടി രൂപയുടെ ഈ സ്വർണദാനം തിരുപ്പതി ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമർപ്പണങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.