ബിഹാർ: ജൻ സുരാജ് പാർട്ടി നേതാവ് ദുൽചന്ദ് യാദവിന്റെ കൊലപാതകത്തോടെ ഭൂമിഹാർ - യാദവ് ജാതി സംഘർഷ ഭീതിയിലാണ് മൊക്കാമ. കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട എൻഡിഎ സ്ഥാനാർഥി അനന്ദ് സിങ് നഗരത്തിൽ ശക്തി പ്രകടനം നടത്തിയാണ് ആരോപണത്തിന് മറുപടി പറഞ്ഞത്. മാഫിയ തലവൻമാൻ പരസ്പരം പോരടിക്കുന്ന മൊക്കാനയിലെ പുതിയ കൊലപാതകം പഴയ ജംഗിൾരാജ് ബിഹാറിനെ ഓർമിപ്പിക്കുന്നതാണ്.
ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാട്. അങ്ങനെയാണ് ബിഹാറിലെ മൊക്കാമ അറിയപ്പെട്ടിരുന്നത്. ഇന്നത് മൂന്ന് ഗ്യാങ്സ്റ്റർമാരുടെ നാടെന്ന കുപ്രസിദ്ധിയിലാണ്. എൻഡിഎ സ്ഥാനാർഥിയും ജെഡിയു നേതാവുമായ അനന്ദ്കുമാർ സിംഗ്, ആർജെഡി നേതാവ് സൂരജ് ഭാൻ, പിന്നെ ഇപ്പോൾ കൊല്ലപ്പെട്ട ദുൽചന്ദ് യാദവ്. യാദവ് - ഭൂമിഹാർ ജാതിപ്പോരിന്റെ നാടായ ഇവിടം ഒരു ഇടവേളക്ക് ശേഷം നടന്ന കൊലയെ തുടർന്ന് സംഘർഷത്തിലാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ആർജെഡി നേതാവ് സൂരജ് ഭാനിൻ്റെ ഭാര്യ വീണാദേവിയാണ് അനന്ദ് സിങിനെതിരെ മത്സരിക്കുന്നത്.
കൊല്ലപ്പെട്ട ദുൽചന്ദ് യാദവ് ആർജെഡിക്കാരനായിരുന്നു. ഇത്തവണ ജൻ സുരാജ് പാർട്ടിയിൽ ചേർന്നു. ജൻ സുരാജ് പാർട്ടി ഇവിടെ സ്ഥാനാർഥയാക്കിയത് ദുൽചന്ദ് യാദവിൻ്റെ അനന്തിരവൻ കൂടിയായ പിയൂഷ് പ്രിയദർശിയെയാണ്. പിയൂഷിനായി പ്രചാരണത്തിന് എത്തിയപ്പോഴാണ് ദുൽചന്ദ് കൊല ചെയ്യപ്പെട്ടത്. കൊല നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതിപ്പട്ടികയിലുള്ള അനന്ദ് സിങ് നഗരത്തിൽ ശക്തിപ്രകടനം നയിച്ചാണ് ആരോപണങ്ങളെ നേരിട്ടത്. മാധ്യമങ്ങളെ പാടെ അകറ്റി നിർത്തിയായിരുന്നു പ്രകടനം.
തങ്ങളുടെ നേതാവിനെ കേസിൽ കുടുക്കിയതാണെന്ന് മൊക്കാമ മുൻസിപ്പാലിറ്റി അധ്യക്ഷനായ എൻഡിഎ നേതാവ് പറഞ്ഞു. എന്നാൽ ജാതി വർഗീയ വിഭജനം മൊക്കാമയിൽ സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് ആർജെഡി നേതാക്കളുടെ പ്രതികരണം.