NATIONAL

ആര്‍ജെഡിയുടെ രാഷ്ട്രീയ കൗശലം; ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി ജെഎംഎം

''ഒക്ടോബര്‍ ഏഴിന് പാട്‌നയില്‍ പോയപ്പോള്‍ പാര്‍ട്ടി പ്രതിനിധികള്‍ ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്. ഇന്‍ഡ്യ സഖ്യം ജെഎംഎമ്മിനെ ഒഴിവാക്കുകയാണെന്ന് തോന്നിയില്ല''

Author : ന്യൂസ് ഡെസ്ക്

ബിഹാര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം). നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതിയായ ഞായറാഴ്ചയ്ക്ക് മുമ്പ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനാവാത്ത സാഹചര്യത്തിലാണ് നടപടി. ഇന്‍ഡ്യ സഖ്യത്തിലെ പ്രധാന കക്ഷിയും ജാര്‍ഖണ്ഡിലെ മുഖ്യ പാര്‍ട്ടിയുമായ ജെഎംഎം ബിഹാര്‍ നിയമസഭയില്‍ മത്സരിക്കില്ലെന്ന് പറയുന്നത് ആദ്യമായാണ്.

ശനിയാഴ്ച ജെഎംഎം ജനറല്‍ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പാര്‍ട്ടി ആറ് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജാമുയി, ചകായി, ധംദാഹ, പിര്‍പൈന്റി, കട്ടോരിയ തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട തീയതി അവസാനിപ്പിക്കാനുള്ള ഒക്ടോബര്‍ 20ന് മുമ്പായി ജെഎംഎമ്മിന് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനായില്ല.

സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവാത്തതില്‍ ജെഎംഎം ആര്‍ജെഡിയെ കുറ്റപ്പെടുത്തി. സീറ്റ് ചര്‍ച്ചകളില്‍ ആര്‍ജെഡി ജെഎംഎമ്മിനെ അവഗണിച്ചെന്നാണ് ജെഎംഎം മന്ത്രിയും മുതിര്‍ന്ന നേതാവുമായ സുദിവിയ്യ കുമാര്‍ പറഞ്ഞത്.

"ഞാന്‍ ഇതിനെ രാഷ്ട്രീയ കൗശലം എന്നാണ് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. കാരണം ഞാന്‍ ഒക്ടോബര്‍ ഏഴിന് പാട്‌നയില്‍ പോയപ്പോള്‍ എന്റെ പാര്‍ട്ടി പ്രതിനിധികള്‍ ആത്മവിശ്വാസത്തോടെ ആണ് സംസാരിച്ചത്. ഇന്‍ഡ്യ സഖ്യം ജെഎംഎമ്മിനെ ഒഴിവാക്കുന്ന തരത്തില്‍ അന്ന് ഒന്നും തോന്നിയില്ല. എന്നാല്‍ അങ്ങനെ ഞങ്ങളെ ഒഴിവാക്കണമെന്നായിരുന്നെങ്കില്‍ അത് നേരിട്ട് പറയാമായിരുന്നു," സുദിവിയ്യ പറഞ്ഞു.

ഒക്ടോബര്‍ ഏഴ് മുതല്‍ 20 വരെ അവര്‍ ഒരു വ്യക്തതയും നല്‍കിയില്ല. ആര്‍ജെഡി ഒരു രാഷ്ട്രീയ കൗശലമാണ് നടത്തിയത്. ഇത് രാഷ്ട്രീയത്തില്‍ ഒട്ടും ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ ആറിനും 11നുമായി രണ്ട് ഘട്ടങ്ങളായാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 14ന് വോട്ടെണ്ണും.

SCROLL FOR NEXT