ന്യൂഡൽഹി: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്ന അടൂര്‍ പ്രകാശിന്റെ ആരോപണത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി രംഗത്ത്. തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും ആദ്യമായി കേള്‍ക്കുന്നത് തന്നെ ശബരിമല വിവാദ സമയത്താണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
അടൂര്‍ പ്രകാശ് തന്റെ പാര്‍ട്ടിയിലെ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട നേതാവിനെ ആയിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. സോണിയ ഗാന്ധിയുടെ അടുത്ത് പോറ്റി വന്നതിനെക്കുറിച്ചാണല്ലോ എന്നും ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും എങ്ങനെ സോണിയ ഗാന്ധിക്കൊപ്പമെത്തി? അതില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് എന്താണ്? ചോദ്യങ്ങള്‍ ഇരട്ടിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ തമ്മിലുള്ള എല്ലാ ഫോണ്‍ രേഖകളും എസ് ഐടി പരിശോധിക്കണമെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ ആരോപണം.
ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍
ഒരു ചിത്രം കാണിക്കാം. ഈ ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല അടൂര്‍ പ്രകാശിനൊപ്പമുള്ളത്. ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും ഉണ്ട്. പോറ്റി ശബരിമലയില്‍ നിന്ന് കളിക്കുന്ന ആളെന്ന നിലയില്‍ സോണിയ ഗാന്ധിയുടെ അടുത്ത് ആരെങ്കിലും എത്തിച്ചു എന്ന് വിചാരിക്കാം. എന്നാല്‍ ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും എങ്ങനെ സോണിയ ഗാന്ധിക്കൊപ്പമെത്തി? അതില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് എന്താണ്? ചോദ്യങ്ങള്‍ ഇരട്ടിക്കുകയാണ്. ഞാന്‍ ഈ കാര്യങ്ങള്‍ ഒക്കെ ചോദ്യങ്ങളിലൂടെ മുന്നോട്ട് വച്ചപ്പോള്‍ അദ്ദേഹത്തിന് അതില്‍ ചെറിയ ഒരു വിഷമം ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് വ്രണിത ഹൃദയനായ അദ്ദേഹം ഒരു ഉണ്ടയില്ലാ വെടി വയ്ക്കുകയാണ്. പക്ഷെ ഒരു യുഡിഎഫ് കണ്‍വീനര്‍ ഇത്തരം ഒരു തമാശക്കാരനാണെന്ന വിവരം എനിക്ക് അറിയില്ലായിരുന്നു. നുണ പറയുമ്പോള്‍ പോലും ഒരു യുക്തിയോടെ പറയണം. ഉദാഹരണത്തിന്, ആദ്യം അദ്ദേഹം നടത്തിയ പ്രതികരണം എന്തായിരുന്നു? ഞാന്‍ സോണിയ ഗാന്ധിയുടെ വീട്ടില്‍ പോയപ്പോള്‍ അതാ അവിടെ പോറ്റി ഇരിക്കുന്നു. അപ്പോള്‍ പോറ്റി പറഞ്ഞു, എന്നോട് ചേര്‍ന്ന് നില്‍ക്കണം, ഒരുചിത്രം എടുക്കണം എന്ന്. നിങ്ങള്‍ വേണമെങ്കില്‍ പരിശോധിച്ചോളൂ. ഇന്ന് അദ്ദേഹം എന്താണ് പറഞ്ഞത്, സോണിയ ഗാന്ധിയുമായി അപ്പോയിന്റ്‌മെന്റ് എടുത്ത കാര്യം തലേദിവസം എന്നോട് വിളിച്ചു പറഞ്ഞു. അപ്പോള്‍ ഞാനും കൂടി ഉണ്ടാകണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചപ്പോള്‍ ഞാന്‍ പോയി എന്നാണ്. കടക വിരുദ്ധമായ പ്രസ്താവനയാണ് അടൂര്‍ പ്രകാശിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ആരെങ്കിലും ആ വിദ്വാനെ ഒന്ന് ഉപദേശിക്കേണ്ടേ, നേരത്തെ പറഞ്ഞത് ഇങ്ങനെയല്ല, ആരെങ്കിലും ചോദിക്കേണ്ടേ ഈ ഗോവര്‍ധന്‍ എങ്ങനെ വന്നു എന്ന്. ബെല്ലാരി ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും സോണിയ ഗാന്ധിയെ കണ്ടത് ആര് മുഖാന്തരമാണ് എന്നുള്ള ഒരു ചോദ്യം കൂടി അടൂര്‍ പ്രകാശിന്റെ പ്രതികരണത്തിലൂടെ പുറത്തേക്ക് വന്നിരിക്കുകയാണ്.
അന്വേഷണം സോണിയ ഗാന്ധിയിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് അടൂര്‍ പ്രകാശ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സോണിയ ഗാന്ധിയെ വല്ലാത്ത പ്രതിസന്ധിയിലേക്കാണ് വലിച്ചിഴയ്ക്കുന്നത്.
ഏത് പോറ്റി. പോറ്റിയെന്ന് താന്‍ കേള്‍ക്കുന്നത് തന്നെ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷമാണ്. പോറ്റിയെ ഇവര്‍ക്കൊക്കെ നല്ല പരിചയമാണെന്ന കാര്യം തന്നെ എന്നെ ഞെട്ടിക്കുകയാണ്. പോറ്റി വിളിച്ചാല്‍ എന്തിനാണ് അദ്ദേഹം അങ്ങോട്ട് കയറി പോവുന്നത്? സോണിയ ഗാന്ധിയെ കാണണമെങ്കില്‍ പോറ്റിയുടെ സഹായം വേണോ?