

ഛത്തീസ്ഗഡിലെ സുക്മയിലും ബിജാപൂരിലും നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ബസ്തർ മേഖലയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലൊന്നാണിത്. ബിജാപൂർ ജില്ലയിലെ ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗഗൻപള്ളി ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് നിന്ന് ഹുംഗ മഡ്കം ഉൾപ്പെടെ രണ്ട് മാവോയിസ്റ്റ് കേഡറുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.സുക്മയിൽ 12 പേരും ബിജാപൂരിൽ രണ്ട് മാവോയിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്.
കിസ്തറാം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാലോഡി, പൊട്ടക്പള്ളി പ്രദേശങ്ങളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് ആണ് സുക്മയിൽ വെള്ളിയാഴ്ച വൈകുന്നേരം ഓപ്പറേഷന് തുടക്കം കുറിച്ചത്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് എകെ-47, ഇൻസാസ് റൈഫിളുകൾ ഉൾപ്പെടെയുള്ള ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തു.
ഓപ്പറേഷൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സുക്മ പൊലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. വെടിവെപ്പ് ഇപ്പോഴും തുടരുന്നതായും അധികൃതർ വ്യക്തമാക്കി.