നടി മഞ്ജുള ശ്രുതിയും ഭർത്താവ് അമരേഷും Source: Facebook/ Manjula Shruthi
NATIONAL

നടിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

മഞ്ജുവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭർത്താവ് അമരേഷ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

കന്നട സീരിയൽ നടിയും അവതാരകയുമായ നടി മഞ്ജുള ശ്രുതിയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. മഞ്ജുവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭർത്താവ് അമരേഷ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവിൽ ജൂലൈ നാലിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്നാണ് വിവരം. ഹനുമന്ത് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുനേശ്വര ലേയൗട്ടിലാണ് ഈ ആക്രമണം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്തുവന്നത്.

ദീർഘനാളത്തെ പ്രണയബന്ധത്തിനൊടുവിൽ 20 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. സമീപ കാലത്തായി ഭാര്യയുടെ പെരുമാറ്റത്തിൽ മാറ്റം വന്നുവെന്നും തന്നിൽ നിന്ന് അകലാൻ ശ്രമിക്കുകയാണെന്നും ഭർത്താവ് ആരോപിച്ചു.

മൂന്ന് മാസം മുമ്പാണ് മഞ്ജുള ശ്രുതി ഭർത്താവുമായി പിരിഞ്ഞ് സഹോദരൻ്റെ വീട്ടിലേക്ക് താമസം മാറിയത്. തുടർന്ന് ഇവർ താമസിച്ചിരുന്ന വീടിൻ്റെ വാടകയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. പിന്നീട് ഹനുമന്ത് നഗർ പൊലീസിൽ ശ്രുതി പരാതിയും നൽകിയിരുന്നു. എന്നാൽ ജൂലൈ 3ന് വ്യാഴാഴ്ച അനുരഞ്ജനത്തിന് ശേഷം മഞ്ജുള ഭർത്താവിനൊപ്പം വീട്ടിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കുട്ടികൾ കോളേജിൽ പോയ സമയത്ത് അമരേഷ് നടിയെ ആക്രമിക്കുകയായിരുന്നു.

അമരേഷ് ആദ്യം പെപ്പർ സ്പ്രേ ശ്രുതിയുടെ മുഖത്തടിച്ച ശേഷം കത്തി കൊണ്ട് വയറിലും കഴുത്തിലും തുടയിലും കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിന് ശേഷം ചുമരിൽ തലയിടിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നടി ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് പിന്നാലെ വധശ്രമത്തിന് കേസെടുത്ത് ഭർത്താവ് അമരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

SCROLL FOR NEXT