കരിഷ്മ കപൂർ, സഞ്ജയ് കപൂർ  (File Photo/X)
NATIONAL

പോളോ മത്സരത്തിനിടെ ഹൃദയാഘാതം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു

കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ സോഷ്യല്‍മീഡിയയിലൂടെ സഞ്ജയ് അനുശോചനം രേഖപ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രശസ്ത പോളോ താരമായ സഞ്ജയ് കപൂര്‍ പോളോ മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

ഓട്ടോമോട്ടീവ് രംഗത്തെ പ്രമുഖരായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍. നേരത്തേ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

പോളോ മത്സരത്തിനിടെ സഞ്ജയ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവാണ്. 2003 ലായിരുന്നു കരിഷ്മ കപൂറും സഞ്ജയ് കപൂറും വിവാഹിതരായത്. 2014 ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുണ്ട്.

കരിഷ്മ കപൂറുമായി വേര്‍പിരിഞ്ഞ ശേഷം 2017 ല്‍ മോഡലായ പ്രിയ സച്ച്‌ദേവിനെ സഞ്ജയ് വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിലും ഒരു മകനുണ്ട്.

കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ സോഷ്യല്‍മീഡിയയിലൂടെ സഞ്ജയ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു അപ്രതീക്ഷിത വിയോഗം.

SCROLL FOR NEXT