അഹമ്മദാബാദ് വിമാനാപകടം: ദുരന്ത കാരണം ഈ പെട്ടിയിലുണ്ടായേക്കും; എന്താണ് ബ്ലാക്ക് ബോക്സ്?

അഹമ്മദാബാദ് വിമാനാപകടത്തിൽ തകർന്ന ബോയിങ് 787 ഡ്രീംലൈൻ വിമാനത്തിൻ്റെ രണ്ടാം ബ്ലാക്ക് ബോക്സിനായി തിരച്ചിൽ തുടരുകയാണ്
black box Ahmedabad plane crash
പേര് ബ്ലാക്ക് ബോക്സെന്നാണെങ്കിലും ഇവയ്ക്ക് ഓറഞ്ച് നിറമാണ്Source: X/ @JyotiDevSpeaks, @Rudrahimanshum1
Published on

അഹമ്മദാബാദ് വിമാനാപകടത്തിൽ തകർന്ന ബോയിങ് 787 ഡ്രീംലൈൻ വിമാനത്തിൻ്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം എങ്ങനെയുണ്ടായി എന്നത് വ്യക്തമാകാൻ വളരെ നിർണായകമായ ഒന്നാണ് ബ്ലാക്ക് ബോക്സ്. ഇതോടെ അപകടം എങ്ങനെ ഉണ്ടായെന്നടക്കമുള്ള കാര്യങ്ങൾ വ്യക്തമാകും. രണ്ടാമത്തെ ബ്ലാക്ക് ബോക്സിനായുളള അന്വേഷണം പുരോഗമിക്കുകയാണ്.

അഹമ്മദാബാദിൽ എയർ ഇന്ത്യ അപകടത്തിൽപ്പെട്ട് ഒൻപത് മണിക്കൂറിന് ശേഷമാണ് വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നത്. എന്താണ് അപകട കാരണമെന്നും വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോയെന്നുമുള്ള കാര്യങ്ങൾ ബ്ലാക്ക് ബോക്സിലെ ഡാറ്റ വിശകലനത്തിലൂടെ വ്യക്തമാകും. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ എന്ത് സംസാരിച്ചു എന്നതടക്കം ബ്ലാക്ക് ബോക്സിൽ നിന്ന് കണ്ടെത്താം.

എന്താണ് ബ്ലാക്ക് ബോക്സ്?

വിമാന ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് ബ്ലാക്ക് ബോക്സ്. ദുരന്തം എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താൻ ആശ്രയിക്കുന്നതും ഇവയെയാണ്. പ്രകാശം തീരെ അകത്തേക്ക് കടക്കാത്ത രീതിയിൽ നിർമിച്ചിരിക്കുന്നതിനാലാണ് ഇവയെ ബ്ലാക്ക് ബോക്സ് എന്ന് വിളിക്കുന്നത്. പേര് ബ്ലാക്ക് ബോക്സെന്നാണെങ്കിലും ഇവയ്ക്ക് ഓറഞ്ച് നിറമാണ്. പെട്ടന്ന് കണ്ടെത്തുന്നതിനാണ് ഓറഞ്ച് നിറം നൽകിയിരിക്കുന്നത്.

black box Ahmedabad plane crash
അഹമ്മദാബാദ് വിമാനാപകടം: എഎഐബി അന്വേഷണം ആരംഭിച്ചു; വിശദമായി പരിശോധിക്കാന്‍ ഉന്നതതല സമിതി

വിമാനം പൊട്ടിത്തെറിച്ചാലും, വെള്ളത്തിൽ മുങ്ങിപ്പോയാലും നശിച്ച് പോകാത്ത രീതിയിലാണ് ബ്ലാക്ക് ബോക്സുകളുടെ നിർമാണം. അതുകൊണ്ട് തന്നെ ടൈറ്റാനിയം കൊണ്ട് നിർമിച്ച ബോക്സിനുള്ളിലാണ് റെക്കോർഡിങ് ഉപകരണങ്ങൾ സൂക്ഷിക്കുന്നത്. ബ്ലാക്ക് ബോക്സിൽ പ്രധാനമായി രണ്ട് ഘടകങ്ങളാണ് ഉള്ളത്. റെക്കോർഡിങ് സംവിധാനമായ എഫ്‌ഡിആർ അഥവാ ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ. മറ്റൊന്ന് കോക്പിറ്റ് വോയ്സ് റെക്കോഡർ (സിവിആർ).

എഫ്‌ഡിആറിൽ വിമാനത്തിന്റെ വേഗത, ഉയരം, എൻജിന്റെ അവസ്ഥ, റഡാർ വിവരങ്ങൾ, കൺട്രോൾ സിസ്റ്റങ്ങളുടെ പ്രവർത്തനം തുടങ്ങിയ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തും. പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ, എഞ്ചിൻ ശബ്ദങ്ങൾ തുടങ്ങിയ കോക്ക്പിറ്റിലെ റേഡിയോ ട്രാൻസ്മിഷനുകളും മറ്റ് ശബ്ദങ്ങളും സിവിആറിലാണ് രേഖപ്പെടുത്തുക. 25 മണിക്കൂറിലധികമുള്ള വിവരങ്ങളാണ് ഇതിൽ നിന്നും ലഭിക്കുക. വിമാനം വെള്ളത്തിനടിയിലായാൽ ഇത് കണ്ടെത്താൻ 30 ദിവസം അൾട്രാസൗണ്ട് സിഗ്നലുകൾ അയയ്ക്കുന്ന ബീക്കണും ഇതിൽ സജ്ജീകരിച്ചിരിക്കും.

വിമാനാപകടമുണ്ടായാൽ ആഘാതം കുറവ് ഉണ്ടാകുന്ന പിൻഭാഗത്താണ് ബ്ലാക്ക് ബോക്സ് സൂക്ഷിക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്യാൻ 10 മുതൽ 15 ദിവസമാണ് സമയമെടുക്കുന്നത്. കണ്ടെടുത്ത ബ്ലാക് ബോക്സ് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ഫോറൻസിക് ലബോറട്ടറിക്ക് കൈമാറും.

black box Ahmedabad plane crash
അഹമ്മദാബാദ് വിമാനാപകടം: പൈലറ്റിൽ നിന്ന് ലഭിച്ച അവസാന സന്ദേശം; എന്താണ് 'മെയ്‌ഡേ കോൾ'?

കോക്പിറ്റ് വോയ്സ് റെക്കോർഡർ, ഫ്ലൈറ്റ് ഡാറ്റ എന്നിവയ്ക്കൊപ്പം എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള റഡാർ വിവരങ്ങളടക്കം പരിശോധിച്ചായിരിക്കും ഒരു അനുമാനത്തിലേക്ക് അന്വേഷണസംഘം എത്തുക. ഡാറ്റ വിശകലനത്തിന് ശേഷം അപകടമുണ്ടായത് പിന്നിൽ പൈലറ്റുമാരുടെ പിഴവ്, സാങ്കേതിക തകരാർ, കാലാവസ്ഥ എന്നിവയിൽ എന്തെങ്കിലുമാണോ എന്ന് കണ്ടെത്താനാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com