ബെംഗളൂരുവില്‍ ആര്‍സിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബിയുടെ വിജയാഘോഷം നടക്കുന്നതിനിടെ ഇത്രയും വലിയ അപകടം ഉണ്ടായി നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായുമുള്ള വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി. ദുരന്തത്തിന്റെ വേദന വിജയത്തിന്റെ സന്തോഷത്തെ കെടുത്തി,' സിദ്ധരാമയ്യ പറഞ്ഞു.
മരിച്ചവര്‍ക്ക് നിത്യശാന്തി നേരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ഉടന്‍ തന്നെ മുക്തി നേടട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. 35,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയമാണ്. അതുകൊണ്ട് തന്നെ ഇത്രയും വലിയ ദുരന്തം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. രണ്ടും മൂന്നും ലക്ഷത്തിലേക്ക് ജനസംഖ്യ വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അത്രയും പേരെ, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ കുറച്ചുപേരെ കൂടിയേ പ്രതീക്ഷിച്ചിരുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ബോവ്‌റിങ്, വൈദേഹി ആശുപത്രികളില്‍ ചെന്ന് അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും സിദ്ധരാമയ്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മരിച്ചവര്‍ക്ക് അനുശോചനം അറിയിക്കുന്നതായും സിദ്ധരാമയ്യ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.