കെ. രാമചന്ദ്ര റാവു  
NATIONAL

ഓഫീസില്‍ യുവതിയുമായി അടുത്തിടപഴകുന്ന കര്‍ണാടക ഡിജിപി; വീഡിയോ വൈറലായതിനു പിന്നാലെ സസ്‌പെന്‍ഷന്‍

രാമചന്ദ്ര റാവുവും ഒരു യുവിതയും ഓഫീസില്‍ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമായ വീഡിയോ ആണ് പുറത്തുവന്നത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ഔദ്യോഗിക ഓഫീസില്‍ യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ കര്‍ണാടക ഡിജിപിക്ക് സസ്‌പെന്‍ഷന്‍. കെ. രാമചന്ദ്ര റാവുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യുവതിയുമായുള്ള ഡിജിപിയുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചേരാത്തതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമായ അശ്ലീല രീതിയിലാണ് ഡിജിപി പെരുമാറിയതെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. എന്നാല്‍, വീഡിയോ വ്യാജമാണെന്നാണ് കെ. രാമചന്ദ്ര റാവുവിന്റെ പ്രതികരണം.

രാമചന്ദ്ര റാവുവിനെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ സസ്‌പെന്‍ഡ് ചെയ്യേണ്ടത് ആവശ്യമാണെന്ന് പ്രഥമദൃഷ്ട്യാ സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

സസ്‌പെന്‍ഷന്‍ കാലയളവില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഹെഡ്‌കോട്ടേഴ്‌സില്‍ നിന്ന് പുറത്തു പോകാനും അനുമതിയില്ല. കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിജിപിയാണ് കെ. രാമചന്ദ്ര റാവു.

രാമചന്ദ്ര റാവുവും ഒരു യുവിതയും ഓഫീസില്‍ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമായ വീഡിയോ ആണ് പുറത്തുവന്നത്. യൂണിഫോമില്‍ ഔദ്യോഗിക ഓഫീസില്‍ യുവതിയുമായി അടുത്തിടപഴകുന്ന 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഒന്നിലധികം വീഡിയോകള്‍ കൂട്ടിച്ചേര്‍ത്തുള്ള വീഡിയോ ആണിത്.

വീഡിയോ പുറത്തു വന്നതോടെ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ കാണാന്‍ രാമചന്ദ്ര റാവു എത്തിയെങ്കിലും മന്ത്രി കാണാന്‍ കൂട്ടാക്കിയിരുന്നില്ല. വീഡിയോ കണ്ട് താന്‍ ഞെട്ടിയെന്നും വ്യാജ വീഡിയോ ആണെന്നുമായിരുന്നു മന്ത്രിയുടെ വസതിക്കു പുറത്തുവെച്ച് മാധ്യമങ്ങളോട് രാമചന്ദ്ര റാവു പറഞ്ഞത്.

വലിയ വിവാദങ്ങള്‍ ഉടലെടുത്തതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി.

രാമചന്ദ്ര റാവുവിന്റെ മകള്‍ അടുത്തിടെ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായിരുന്നു. മകളെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം നിര്‍ബന്ധിത അവധിയിലായിരുന്നു. സര്‍വീസില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് പുതിയ വീഡിയോ.

SCROLL FOR NEXT