NATIONAL

സാമൂഹിക മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്; എക്‌സിന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

സോഷ്യല്‍മീഡിയ ഉള്ളടക്കം നിയന്ത്രിക്കേണ്ടതുണ്ടെന്നും അത് അനിവാര്യമാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിനെതിരെ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം തടയുന്നുവെന്നും ഇത് ഐടി ആക്ടിലെ സെക്ഷന്‍ 79(3)(ബി) യുടെ ദുരുപയോഗമാണെന്നായിരുന്നു എക്‌സിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, സോഷ്യല്‍മീഡിയ ഉള്ളടക്കം നിയന്ത്രിക്കേണ്ടതുണ്ടെന്നും അത് അനിവാര്യമാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. സോഷ്യല്‍മീഡിയ നിയന്ത്രിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ അന്തസിനുള്ള അവകാശം ലംഘിക്കപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഐടി ആക്ടിലെ സെക്ഷന്‍ 79(3)(b) അനുസരിച്ച് ഉള്ളടക്കം ബ്ലോക്ക് ചെയ്ായന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും സെന്‍സര്‍ഷിപ്പ് നയം നിയമ വിരുദ്ധമാണെന്നുമായിരുന്നു എക്‌സിന്റെ വാദം. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വാദിച്ചിരുന്നു.

പ്ലാറ്റ്ഫോമില്‍ നിന്ന് ഉള്ളടക്കം വളരെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നത് ഉപയോക്താക്കളുടെ വിശ്വാസത്തിന് കോട്ടം വരുത്തുമെന്നും ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നും എക്സ് കോര്‍പ്പ് പറയുന്നു.

കൂടാതെ, സര്‍ക്കാരിന്റെ 'സഹ്യോഗ്' പോര്‍ട്ടലില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതില്‍ നിന്ന് ഇടക്കാല സംരക്ഷണം വേണമെന്നും എക്‌സ് ആവശ്യപ്പെട്ടിരുന്നു. മാധ്യമം ഏതായാലും, ആശയവിനിമയത്തിന്റെ നിയന്ത്രണം എല്ലായ്‌പ്പോഴും ഭരണ വിഷയമാണെന്നും ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്ന ഊന്നിപ്പറഞ്ഞു.

SCROLL FOR NEXT