ചെന്നൈ : മധുരൈ തിരുപറംകുണ്ട്രത്ത് സുപ്രീം കോടതി ഉത്തരവ് പ്രകാരം ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിച്ചു. കോടതി നിയോഗിച്ച റിസീവര്‍മാരുടെ നേതൃത്വത്തിലാണ് ദീപം തെളിയിച്ചത്. മലയിലേക്ക് പോകാനായി 25 പേര്‍ക്ക് മാത്രമാണ് പൊലീസ് പ്രവേശനം അനുവദിച്ചത്. സിആര്‍പിഎഫിൻ്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പാടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ദീപം തെളിയിക്കാന്‍ നേരത്തെ നല്കിയ ഉത്തരവ് തമിഴ്നാട് സര്‍ക്കാരും ക്ഷേത്ര ഭരണസമിതിയും നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇടപെട്ടത്. ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ കഴിഞ്ഞ ദിവസം തെളിയിച്ച ദീപം ഇപ്പോഴും കത്തുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് അഗ്നി പകര്‍ന്നുവേണം ദീപം തെളിയിക്കാന്‍ എന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
ക്ഷത്രത്തിന്റെയും തിരുപ്പറംകുണ്ട്രം കുന്നിന്റെയും സുരക്ഷാ ചുമതല കേന്ദ്ര റിസര്‍വ് പോലീസ് സേന ഏറ്റെടുത്തിട്ടുണ്ട്. കുന്നിന് മുകളിലെ സിക്കന്ദര്‍ ദര്‍ഗയില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ അകലെയായി ഭക്തര്‍ക്കും ദീപം തെളിയിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് മനഃപൂര്‍വം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡിനെ കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഭരണച്ചുമതലയ്ക്കായി മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥന്, ജസ്റ്റിസ് വി. പാര്ഥിപന് എന്നിവരെയാണ് സുപ്രീം കോടതി റിസീവര്മാരായി നിയമിച്ചത്. ഉത്തരവ് നടപ്പാക്കാത്തതില്‍ തമിഴ്നാട് ചീഫ് സെക്രട്ടറി, ഡിജിപി, മധുരൈ ജില്ലാ കളക്ടര്‍, ദേവസ്വം കമ്മീഷണര്‍, സസ്പെന്‍ഡ് ചെയ്യപ്പെട്ട ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ഇവര്‍ നേരിട്ട് ഡിസംബര്‍ 15ന് ഹാജരാകണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.