ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിന് ശേഷം തമിഴക വെട്രി കഴകം തലവനും നടനുമായ വിജയ് വീഡിയോയുടെ വീഡിയോയ്ക്ക് പിന്നാലെ വീഡിയോ ദൃശ്യങ്ങളടക്കം കാണിച്ച് വിശദീകരണവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയില്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വേദി അനുവദിച്ചതിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, ജനസാന്ദ്രത, പൊലീസ് വിന്യാസം, വൈദ്യുതി വിച്ഛേദിച്ചെന്ന ആരോപണം, ലാത്തി ചാര്‍ജ്, ആംബുലന്‍സ് തുടങ്ങി സമഗ്രമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവായ പി അമുദ ഐഎഎസ്, ആരോഗ്യ സെക്രട്ടറി പി സെന്തില്‍ കുമാര്‍, എഡിജിപി (ക്രമസമാധാനം) ഡേവിഡ്‌സണ്‍ ദേവസിര്‍വതം എന്നിവരാണ് പങ്കെടുത്തത്.
സുരക്ഷിതമായ വേദി നല്‍കാന്‍ പരിപാടിക്ക് മുമ്പ് യോഗം വിളിച്ചിരുന്നതാണെന്നും കരൂര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള വേദി നല്‍കാതിരുന്നത് അതിന്റെ സ്ഥലപരിമിതി മൂലമാണ്. അമരവാതി പുഴയുടെ പാലത്തിനും പ്രശ്‌നമുണ്ടായിരുന്നു. റാലിക്കായി നേരത്തെ നിര്‍ദേശിച്ച റോഡുകള്‍ 40 അടി മാത്രം വീതിയുള്ളതായിരുന്നു. അതിനാലാണ് 60 അടി വീതിയുള്ള വേലുച്ചാമിപുരം നല്‍കിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റാലിക്കിടെ വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷന്‍ സിഇഒ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. വൈദ്യുതി മുടങ്ങാതെ നല്‍കിയിരുന്നു. ആളുകള്‍ തിങ്ങി നിറഞ്ഞപ്പോള്‍ മുറിയില്‍ ഒരു ജനറേറ്ററിന് തകരാര്‍ സംഭവിക്കുകയും അതോടെ ഒരു ഭാഗത്ത് മാത്രം വൈദ്യുതി മുടങ്ങുകയുമാണ് ഉണ്ടായതെന്നാണ് സിഇഒ നല്‍കുന്ന വിശദീകരണം.
സംസാരിക്കുന്ന പ്രദേശത്ത് നിന്ന് അമ്പത് മീറ്റര്‍ അകലം പാലിക്കണമെന്ന് നിരന്തരമായി പറയുന്നുണ്ടായിരുന്നു. നിര്‍ദേശം പാലിക്കണമെന്ന് ഡിജിപി നിര്‍ബന്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആള്‍ക്കൂട്ടത്തെ അതിനടുത്ത് നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ അറിയിച്ചു.
റാലിയില്‍ 10,000 പേര്‍ പങ്കെടുക്കുമെന്നായിരുന്നു കത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍, മുന്‍ റാലികളുടെ അടിസ്ഥാനത്തില്‍ മുന്‍ കരുതല്‍ എന്നോണം 20,000 പേര്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. ഇത് അനുസരിച്ചാണ് സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചത്. എന്നാല്‍ വിജയിയെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടവും പുറമെ വിജയ്‌ക്കൊപ്പം എത്തിയ ആള്‍ക്കൂട്ടവുമായതോടെ ജനം നിയന്ത്രണാതീമാവുകയായിരുന്നു എന്നും സര്‍ക്കാര്‍ മറുപടി നല്‍കി.