അപകടസ്ഥലത്തെ ദൃശ്യങ്ങൾ  Image: X
NATIONAL

വനത്തിനുള്ളില്‍ തകര്‍ന്നു വീണ ഹെലികോപ്റ്റര്‍; ആദ്യം കണ്ടത് കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയവര്‍

ആറാഴ്ചയ്ക്കിടയില്‍ പ്രദേശത്തുണ്ടാകുന്ന അഞ്ചാമത്തെ ഹെലികോപ്റ്റര്‍ അപകടം

Author : ന്യൂസ് ഡെസ്ക്

പുലര്‍ച്ചെ 5.20 ഓടെ ഉത്തരാഖണ്ഡിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. കേദാര്‍നാഥ് ധാമില്‍ നിന്ന് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.

പൈലറ്റ് അടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. രാവിലെ 5.20 ഓടെ ഗൗരികുണ്ഡിന് സമീപത്തുവെച്ചായിരുന്നു അപകടം. പൊലീസും ദേശീയ ദുരന്ത നിവാരണ സേന (NDRF)യും, സംസ്ഥാന ദുരന്ത നിവാരണ സേനയും (SDRF) രക്ഷാപ്രവര്‍ത്തനത്തിനായി ഉടന്‍ സ്ഥലത്ത് എത്തിയിരുന്നു.

മോശം കാലാവസ്ഥ കാരണം ദൃശ്യപരത കുറവായതാണ് അപകടകാരണമെന്നാണ് രുദ്രപ്രയാഗ് ജില്ലാ ദുരന്ത നിവാരണ ഓഫീസര്‍ നന്ദന്‍ സിങ് രാജ്വാര്‍ അറിയിച്ചത്. ഗൗരികുണ്ഡിലെ വനത്തിനു മുകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വനത്തിനുള്ളില്‍ വിദൂര പ്രദേശത്താണ് അപകടം ഉണ്ടായത് എന്നതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനവും ദുസ്സഹമായിരുന്നു.

ആര്യന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ 23 മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. മോശം കാലാവസ്ഥയെ തുടര്‍ന്ന് താഴ്‌വരയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാറ്റാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ ബദ്രിനാഥ് കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ജീവനക്കാരനാണ്.

മരിച്ചവരില്‍ മൂന്ന് പേര്‍ മഹാരാഷ്ട്രയിലെ യവത്മാലിലുള്ളവരാണ്. രാജ്കുമാര്‍ സുരേഷ് ജയ്‌സ്വാള്‍, ശ്രദ്ദ ജയ്‌സ്വാള്‍, ഇവരുടെ കുഞ്ഞ് കാശി രാജ്കുമാര്‍ ജയ്‌സ്വാള്‍ എന്നിവരാണിത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരായ വിനോദ് ദേവി (66), തൃഷ്ടി സിങ് (19) എന്നിവരാണ്. ജെയ്പൂര്‍ സ്വദേശിയായ രാജ്ബീര്‍ സിങ് ചൗഹാനായിരുന്നു ക്യാപ്റ്റന്‍.

കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയ പ്രദേശവാസികളാണ് കാട്ടിനുള്ളില്‍ തകര്‍ന്ന ഹെലികോപ്റ്റര്‍ ആദ്യം കണ്ടത്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡിഎന്‍എ പരിശോധന നടത്തിയതിനു ശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.

ആറാഴ്ചയ്ക്കിടയില്‍ പ്രദേശത്തുണ്ടാകുന്ന അഞ്ചാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്. മെയ് രണ്ടിനാണ് കേദാര്‍നാഥ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നത്. അഞ്ച് അപകടങ്ങളിലായി 13 പേരാണ് മരിച്ചത്. ജൂണ്‍ ഏഴിന് കേദാര്‍നാഥിലേക്ക് പോകുകയായിരുന്ന ഒരു ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഒരു ഹൈവേയില്‍ ഇറക്കേണ്ടി വന്നത് വാര്‍ത്തയായിരുന്നു.

SCROLL FOR NEXT