കൊല്‍ക്കത്ത: ദുര്‍ഗാപൂര്‍ കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയെ പഴിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങാന്‍ പാടില്ല. രാത്രി 12.30ന് പെണ്‍കുട്ടി എങ്ങനെ പുറത്ത് കടന്നുവെന്നും, ആ സമയം ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചതെന്നും മമത ബാനര്‍ജി ചോദിച്ചു.
വിദ്യാര്‍ഥികള്‍ രാത്രി പുറത്തിറങ്ങുന്ന സംസ്‌കാരം കോളേജുകള്‍ നിയന്ത്രിക്കണമെന്നും പെണ്‍കുട്ടികള്‍ സ്വയം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മമത ബാനര്‍ജി പറഞ്ഞു. "പ്രത്യേകിച്ചും ഒരു പെണ്‍കുട്ടി രാത്രി പുറത്തിറങ്ങഉന്നത് അനുവദിക്കാനാവില്ല. അവരെ അവര്‍ തന്നെ സ്വയം സംരക്ഷിക്കണം," മമതാ ബാനര്‍ജി പറഞ്ഞു.
നടുക്കുന്ന സംഭവമാണ് ഉണ്ടായതെന്നും ഇത്തരം കുറ്റകൃത്യങ്ങളോട് ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ല. മൂന്ന് പേരെ നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരാളെയും വെറുതെ വിടില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.
സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ കോളേജ് ഗേറ്റിന് സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തുകയും കോളേജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിപ്പോയെന്നും സംഭവത്തില്‍ അയാള്‍ക്കും പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും അക്രമികള്‍ മകളുടെ മൊബൈല്‍ ഫോണും കയ്യിലുണ്ടായിരുന്ന 5,000 രൂപ തട്ടിയെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പശ്ചിമ ബംഗാള്‍ ഡോക്ടര്‍മാരുടെ സംഘടന (ഡബ്ല്യുബിഡിഎഫ്) ഈ കുറ്റകൃത്യത്തെ അപലപിച്ചു. ദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതിന്റെ ഓര്‍മപ്പെടുത്തലാണിത്. അതിജീവിതയ്ക്ക് നാതി ലഭിക്കണമെന്നും, ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചിയും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. സര്‍ക്കാരുമായി ബന്ധപ്പെടാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.