സൗത്ത് കോല്‍ക്കത്ത ലോ കോളേജ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോളേജിലെ സെക്യൂരിറ്റി ഗാർഡാണ് അറസ്റ്റിലായത്. സെക്യൂരിറ്റി ഗാർഡിന്റെ മുറിയില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന വിദ്യാർഥിനിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ സായിബ് അഹമ്മദ് (19), പ്രമിത് മുഖർജി (20) എന്നിവർ ഈ കോളേജിലെ വിദ്യാർഥികളാണ്. മറ്റൊരു പ്രതിയായ മനോജിത് മിശ്ര (31) ലോ കോളേജിലെ മുന്‍ വിദ്യാർഥിയും ക്രിമിനല്‍ അഭിഭാഷകനുമാണ്. ഇയാള്‍ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ജനറല്‍ സെക്രട്ടറിയുമാണ്.
സംഭവ ദിവസം തൃണമൂൽ കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയുടെ മീറ്റിങ് കഴിഞ്ഞ് വരുന്നതിനിടെ തന്നെ തടഞ്ഞുനിർത്തി ഗാർഡ് റൂമിനടുത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. വിവാഹാഭ്യർഥന നടത്തിയപ്പോൾ താൻ നിരസിച്ചു. തന്നെ വെറുതെ വിടണമെന്ന് ഒരുപാട് കരഞ്ഞ് അപേക്ഷിച്ചു. കാൽ പിടിച്ച് പറഞ്ഞു. എന്നാൽ, അവർ വിട്ടില്ല. 'എം', 'പി' എന്നിവർ തന്നെ 'ജെ'യോടൊപ്പം ഒരു മുറിയിൽ പൂട്ടിയിട്ടു. അതിനിടെ പാനിക് അറ്റാക്ക് ഉണ്ടായപ്പോൾ, 'എം' ഇൻഹേലർ കൊണ്ടുവന്ന് തന്നു. അതുപയോഗിച്ചപ്പോൾ ചെറിയ ആശ്വാസം ലഭിച്ചു. അതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവരെല്ലാവരും ചേർന്ന് പിടികൂടി, പിന്നീട് 'ജെ' ബലാത്സംഗം ചെയ്തുവെന്നും, മറ്റുള്ളവർ നോക്കി നിന്നുവെന്നും പെൺകുട്ടി പറയുന്നു.ലൈംഗികാതിക്രമത്തിനിടെ പെൺകുട്ടിയെ പ്രതികൾ ഹോക്കി സ്റ്റിക് ഉപയോഗിച്ച് അടിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനർജി നടത്തിയ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സുഹൃത്തുക്കള്‍ ചേർന്ന് സുഹൃത്തിനെ പീഡിപ്പിച്ചാല്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ശ്രീരാംപൂർ എംപിയുടെ വിവാദ പ്രസ്താവന. എന്നാല്‍, കേസിലെ പ്രധാന പ്രതിയും തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കാൻ ബാനർജി വിസമ്മതിച്ചു. കുറ്റകൃത്യം ഏതെങ്കിലും പാർട്ടിയിലോ സംഘടനയിലോ മാത്രമായി ഒതുങ്ങുന്നില്ലെന്നായിരുന്നു എംപിയുടെ വാദം.