സോനം വാങ്ചുകിനെ ജോദ്‌പൂർ ജയിലിലേക്ക് മാറ്റി Source; X / PTI
NATIONAL

ലഡാക്ക് സംഘർഷം; സോനം വാങ്ചുകിനെ ജോധ്‌പൂർ ജയിലേക്ക് മാറ്റി

പ്രതിഷേധക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട നാലുപേരുടെ സംസ്‌കാരം കഴിഞ്ഞ ശേഷം മാത്രമേ ചർച്ചയുള്ളൂ എന്ന് സംഘടനകൾ നിലപാടെടുത്തു.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്‌പൂർ ജയിലേക്ക് മാറ്റി. പ്രത്യേകവിമാനത്തിൽ ഇന്നലെ രാത്രിയോടെയാണ് ലേയിൽ നിന്ന് ജോധ്പൂർ ജയിലിൽ എത്തിച്ചത്. യുവാക്കളെ അക്രമത്തിലേക്ക് തള്ളിവിട്ടെന്ന കുറ്റമാണ് സോനത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ പ്രതിഷേധക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട നാലു പേരുടെ സംസ്‌കാരം കഴിഞ്ഞ ശേഷം മാത്രമേ ചർച്ചയുള്ളൂ എന്ന് സംഘടനകൾ നിലപാടെടുത്തു.

ലഡാക്ക് അപെക്സ് ബോഡി, കാർ​ഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായി ആഭ്യന്തര മന്ത്രാലയ പ്രതിനിധികളാണ് ചർച്ച നടത്താനൊരുങ്ങുന്നത്. പ്രാരംഭ ചർച്ചയാകും നടക്കുക എന്നും, തുടർന്നും ചർച്ചകളുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ലഡാക്കിനു സംസ്ഥാന പ​​ദവി, സ്വയംഭരണാവകാശം തുടങ്ങിയവയാണ് പ്രതിഷേധത്തിന് കാരണമെങ്കിലും, ഈ വിഷയങ്ങളിൽ പെട്ടെന്നൊരു പരിഹാരം കാണാൻ കേന്ദ്രത്തിനാകില്ല.

ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ നാല് പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും സോനം വാങ്ചുക് വഴങ്ങാത്തതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതെന്ന് ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സോനത്തിനെതിരെ നടപടിയെടുത്തത്.

ജനക്കൂട്ടം നിരാഹാര സമരം നടന്ന സ്ഥലം വിട്ട് രാഷ്ട്രീയ പാർട്ടി ഓഫീസും ലേയിലെ സിഇസിയുടെ സർക്കാർ ഓഫീസും ആക്രമിച്ചെന്നും ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാന പദവി ആവശ്യപ്പെട്ട് നൂറ് കണക്കിന് ആളുകളാണ് ബുധനാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സംഘര്‍ഷം രൂക്ഷമായതോടെ, ലേ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും. അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് വിലക്കുകയും ചെയ്തു.

SCROLL FOR NEXT