തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ പരിഹാസവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ''ഞാന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല" എന്നായിരുന്നു ഉദയനിധിയുടെ പരിഹാസം. വിജയ്‌യുടെ ശനിയാഴ്ചകളിലെ ജില്ലാ പര്യടന പരിപാടിയെ പരാമർശിച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ പരിഹാസം.
എല്ലാ ദിവസവും ജനങ്ങളെ കാണുന്നയാളാണ്. ആഴ്ച്ചയില്‍ നാലോ അഞ്ചോ ദിവസം ഞാന്‍ പുറത്തായിരിക്കും. ശനിയാഴ്ച മാത്രമല്ല ഞായറാഴ്ച്ചയും പുറത്തായിരിക്കും. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും എനിക്കറിയില്ല. ഇന്ന് വെളളിയാഴ്ച്ചയാണോ? എനിക്കറിയില്ല. ഞാനത് നോക്കാറില്ല. ഉദയ് നിധി പറഞ്ഞു.
താൻ പല ജില്ലകളിലും ചെല്ലുമ്പോൾ അവിടെയെല്ലാം ആളുകൾ നിവേദനവുമായി നിൽക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോള്‍ കുറച്ച് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. എംഎല്‍എ ആയപ്പോള്‍ അത് അധികമായി. മന്ത്രിയായപ്പോള്‍ നിവേദനങ്ങളുടെ എണ്ണം പിന്നെയും കൂടി. ഉപമുഖ്യമന്ത്രി ആയപ്പോൾ ലഭിക്കുന്ന നിവേദനങ്ങള്‍ വയ്ക്കാൻ വാഹനത്തിൽ സഥലമില്ലാത്ത സ്ഥിതിയായെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി പറഞ്ഞു. എങ്കിലും തന്നെക്കാണാന്‍ വരുന്ന അമ്മപെങ്ങന്മാരോട് സംസാരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.
തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും വിജയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വാരാന്ത്യങ്ങളില്‍ മാത്രം രാഷ്ട്രീയത്തില്‍ സജീവമാകുന്ന വിജയ്ക്ക് തന്റെ പാര്‍ട്ടിയായ ടിവികെ, ഡിഎംകെയ്ക്ക് പകരമാണെന്ന് അവകശാപ്പെടാനാകില്ലെന്ന് അണ്ണാമലൈ പറഞ്ഞു. ഒരു ബദല്‍ ശക്തിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തെ ഗൗരവമായി കണ്ട് 24 മണിക്കൂറും പ്രവര്‍ത്തിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അണ്ണാമലൈ പറഞ്ഞു.
അതേ സമയം നടൻ വിജയ്‌യുടെ ടിവികെ സംസ്ഥാന പര്യടനം ഇന്ന് നാമക്കൽ, കരൂർ ജില്ലകളിലാണ് നടക്കുക. റോഡ് ഷോ നടത്തരുതെന്നും അനുമതിയില്ലാതെ സ്റ്റേജ് സ്ഥാപിക്കരുതെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പര്യടന സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.