Source: Facebook
NATIONAL

റെയിൽവേ ഭൂമി അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന് തിരിച്ചടി; ലാലുവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കുറ്റം ചുമത്തി

ലാലുവും കുടുംബവും ക്രിമിനൽ സംഘമായി പ്രവർത്തിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം

Author : വിന്നി പ്രകാശ്

കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലിക്ക് പകരമായി ഭൂമി സ്വന്തമാക്കിയ കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കുറ്റം ചുമത്തി. ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരും വിചാരണ നേരിടണം. സിബിഐ നല്‍കിയ കുറ്റപത്രത്തെ തുടർന്നാണ് ഡൽഹി റോസ് അവന്യൂ കോടതിയുടെ നടപടി. അഴിമതി, ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ലാലുവും കുടുംബവും ക്രിമിനൽ സംഘമായി പ്രവർത്തിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം. സ്വത്ത് സമ്പാദനത്തിനായി പൊതുസംരംഭത്തെ ഉപയോഗിച്ചുവെന്നും വിചാരണക്കോടതി വിമര്‍ശനം ഉന്നയിച്ചു.

ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന 2004 - 2009 കാലത്ത് ഇന്ത്യയിലുടനീളമുള്ള റെയില്‍വേയിലെ ഗ്രൂപ്പ് ഡി ജോലി വാഗ്ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. ലാലു യാദവിൻ്റെ അടുത്ത സഹായികൾ ഭൂമി ഏറ്റെടുക്കലിൽ സഹായിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ലാലു പ്രസാദ് യാദവിനും ലാലുവിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും ഭൂമി കൈമാറിയതായും കുറ്റപത്രത്തിലുണ്ട്.പട്‌നയിലും സമീപ പ്രദേശങ്ങളിലുമായി ആയിരുന്നു വിവാദ ഭൂമി കച്ചവടം.

കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും പ്രത്യേക ജഡ്ജി തള്ളി. ലാലു യാദവിനെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കണമെന്ന ആവശ്യം പൂർണമായും അനാവശ്യമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് പ്രകാരം, കേസിൽ പേരുള്ള 98 പ്രതികളിൽ ലാലു യാദവും കുടുംബാംഗങ്ങളും ഉൾപ്പെടെ 46 പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 52 പ്രതികളെ വെറുതെവിട്ടു. കേസിൽ അടുത്ത വാദം ജനുവരി 29ന് കേൾക്കും.

SCROLL FOR NEXT