

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വീണ്ടും നേര്‍ക്കുനേര്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ഇഡി നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കല്‍ക്കരി അഴിമതിയിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മമത കൈക്കലാക്കിയെന്നാണ് ഇഡി വാദം. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉള്ള നടപടി, രാഷ്ട്രീയ പ്രേരിതമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.
ഇഡിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച മമത, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പങ്കിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. അന്വേഷണമെന്ന പേരില്‍ പാര്‍ട്ടി രേഖകളും മറ്റും ഇഡി പിടിച്ചെടുക്കുകയാണ്. എസ്‌ഐആറുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നുണ്ടെന്നും ഈ നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി ആരോപിച്ചു.
താന്‍ ബിജെപിയുടെ ഓഫീസ് റെയ്ഡ് ചെയ്താല്‍ എന്തായിരിക്കും അവസ്ഥയെന്ന് മമത ചോദിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി പാര്‍ട്ടി രേഖകള്‍ എടുത്തുകൊണ്ടു പോവുകയാണെന്നും അവര്‍ ആരോപിച്ചു. അതേസമയം റെയ്ഡ് നടത്തുന്നത് രാഷ്ട്രീയപരമായല്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്നുമാണ് ഇഡിയുടെ വാദം.