NATIONAL

പൂനെയിലെ ഉരുള്‍പൊട്ടലില്‍ 5 വീടുകള്‍ തകര്‍ന്നു; 3 പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടതായി സംശയം

പൂനെയിലെ മാവല്‍ പ്രദേശത്തെ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്

Author : ന്യൂസ് ഡെസ്ക്

പൂനെ: മഹാരാഷ്ട്രയിലെ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ. പൂനെയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അഞ്ച് വീടുകള്‍ തകര്‍ന്നു. മണ്ണിനടിയില്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അടിയന്തര തിരച്ചില്‍ ആരംഭിച്ചു. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്.

ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ അകപ്പെട്ടതായി സംശയിക്കുന്നെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയില്‍ നിലവില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 'കനത്ത മഴയെ തുടര്‍ന്ന് മാവല്‍ പ്രദേശത്ത് മൂന്നിടങ്ങളിലായി ഉരുള്‍പൊട്ടലുണ്ടായി. ഇതില്‍, ഒരു വീടിന്റെ മുകളിലേക്ക് മണ്ണും പാറകളും ഇടിഞ്ഞുവീഞ്ഞു. ഇന്ന് പുലര്‍ച്ചെ ഈ അപകടം നടക്കുമ്പോള്‍ വീടിനുള്ളില്‍ മൂന്ന് പേരുണ്ടായിരുന്നതായി സംശയമുണ്ട്, അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്' - ലോണാവാല ഡിവിഷന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗജാനന്‍ ടോംപെ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍, പൂനെ - മുംബൈ എക്‌സ്പ്രസ്സ് ഹൈവേയില്‍ ഗതാഗതം നിരോധിച്ചു. പാതയില്‍ മണ്ണിടിച്ചിലുണ്ടായതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ പാതയിലൂടെയുള്ള യാത്ര ഒഴിവാവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. മുംബൈ യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ശക്തമായ മഴ തുടരുന്ന സഹാഹചര്യത്തിലാണ് തീരുമാനം.

SCROLL FOR NEXT