NATIONAL

കുല്‍ഗാം ചെക്ക് പോസ്റ്റ് ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്കര്‍ കമാന്‍ഡര്‍ ലത്തീഫ് അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു

സൻഗൽ പോറയിലെ ആരാധനാലയത്തില്‍ ഒളിച്ചിരുന്ന ഭട്ടിനോട് കീഴടങ്ങാൻ സുരക്ഷാ സേന പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീർ: കുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ ചെക്ക് പോസ്റ്റ് ആക്രമിച്ച് മൂന്ന് പേരെ പരിക്കേൽപ്പിച്ച ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്കര്‍ കമാന്‍ഡര്‍ ലത്തീഫ് അഹമ്മദ് ഭട്ടിനെ ഇന്ത്യൻ സൈന്യം വധിച്ചു. എട്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഈ നടപടി. ലത്തീഫ് ഭട്ട് ഒളിച്ചിരുന്ന മസ്ജിദിന് കേടുപാടുകളില്ലെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.

സൻഗൽ പോറയിലെ ആരാധനാലയത്തില്‍ ഒളിച്ചിരുന്ന ഭട്ടിനോട് കീഴടങ്ങാൻ സുരക്ഷാ സേന പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. സൈനിക നടപടിയിൽ ആരാധനാലയത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സേന അതീവ ജാഗ്രത പാലിച്ചു. തുടര്‍ന്നാണ് ലത്തീഫ് ഭട്ടിനെ വധിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കുല്‍ഗാമിലെ അഖ്‌റാനിൽ സിആർപിഎഫ് സംഘത്തിനു നേരെ ഭട്ടും, മറ്റൊരു ഭീകരനായ ഉമര്‍ നിസാര്‍ ദറും ചേര്‍ന്ന് ആക്രമണം നടത്തിയത്. ടിആര്‍എഫ് ഭീകരനായ ഉമര്‍ നിസാര്‍ ദറിനെ സേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. തെക്കന്‍ കശ്മീരിലെ ‘അവസാന ആക്‌ടീവ്’ ലഷ്കര്‍ കമാന്‍ഡറാണ് ലത്തീഫ് അഹമ്മദ് ഭട്ട്.

ഒരു വര്‍ഷം നീണ്ട ദൗത്യത്തിനിടെ മൂന്ന് തവണയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സേനയെ അഭിനന്ദിച്ച് സിആർപിഎഫ് മേധാവി രംഗത്തുവന്നു. കൊടുംതണുപ്പിലും ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലതെന്ന് സിആർപിഎഫ് ഡയറക്ടര്‍ ജനറല്‍ ജി.പി.സിങ് പറഞ്ഞു.

SCROLL FOR NEXT