ഡൽഹി: യുഎസ് ഇന്നവേറ്ററായ എഎസ്‌ടി സ്പേസ് മൊബൈലിൻ്റെ അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹമായ 'ബ്ലൂ ബേർഡ് 6'നെ വഹിച്ചുകൊണ്ട് ഇന്ത്യയുടെ ബാഹുബലി റോക്കറ്റായ 'ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എം6' ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്നു. പ്രത്യേക ഗിയർ ആവശ്യമില്ലാതെ ബഹിരാകാശത്ത് നിന്ന് സാധാരണ സ്മാർട്ട് ഫോണുകളിലേക്ക് ബ്രോഡ്‌ബാൻഡ് നേരിട്ട് എത്തിക്കുക എന്നതാണ് ഈ ഉപഗ്രഹത്തിൻ്റെ ലക്ഷ്യം.
43.5 മീറ്റർ ഉയരമുള്ള ഭീമൻ റോക്കറ്റ് രാവിലെ 8.55ന് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ നിന്ന് കുതിച്ചുയർന്നു. ലോഞ്ചിങ്ങിൻ്റെ 24 മണിക്കൂർ കൗണ്ട്ഡൗൺ അവസാനിച്ചപ്പോൾ രണ്ട് എസ്200 സോളിഡ് ബൂസ്റ്ററുകളുടെ പിന്തുണയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഏകദേശം 15 മിനിറ്റ് നീണ്ട പറക്കലിന് ശേഷം 'ബ്ലൂ ബേർഡ് ബ്ലോക്ക് 2' എന്ന ബഹിരാകാശ പേടകത്തേയും വഹിച്ച് റോക്കറ്റ് 520 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി.
എൽവിഎം3 എം6 റോക്കറ്റ് വിജയകരമായും കൃത്യമായും 'ബ്ലൂ ബേർഡ് ബ്ലോക്ക് 2' എന്ന ആശയവിനിമയ ഉപഗ്രഹത്തെ ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിച്ചുവെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ. വി. നാരായണൻ പറഞ്ഞു.
"ഇന്ത്യൻ ലോഞ്ചർ ഉപയോഗിച്ച് ഇന്ത്യൻ മണ്ണിൽ നിന്ന് ഉയർത്തിയതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. എൽവിഎം3യുടെ മൂന്നാമത്തെ പൂർണ വാണിജ്യദൗത്യം കൂടിയാണിത്. കൂടാതെ റോക്കറ്റ് മികച്ച ട്രാക്ക് റെക്കോർഡ് പ്രകടിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഏതൊരു വിക്ഷേപണ വാഹനത്തിൻ്റേയും ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്," നാരായണൻ പറഞ്ഞു.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്‌ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്‌പേസ് മൊബൈലും (എഎസ്‌ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിൻ്റെ ഭാഗമായാണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്.