കൊൽക്കത്ത: ദക്ഷിണ കൊൽക്കത്തയിലെ ലോ കോളേജിൽ ഒന്നാം വർഷ വിദ്യാർഥിയെ തൃണമൂൽ കോൺഗ്രസ് നേതാവിൻ്റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 650 പേജുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും ഉൾപ്പെട്ടിട്ടുണ്ട്.
ജൂൺ 25നാണ് മനോജിത് മിശ്ര എന്ന പൂർവ വിദ്യാർഥിയും മറ്റു കൂട്ടു പ്രതികളായ സയ്ബ് അഹമ്മദും പ്രമിത് മുഖർജിയും ചേർന്ന് സൗത്ത് കൊൽക്കത്ത കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തത്. സെക്യൂരിറ്റി ഗാർഡ് പിനാകി ബാനർജിയേയും കേസിൽ നാലാം പ്രതിയാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നും അക്രമത്തിനിരയായ പെൺകുട്ടിയുടെ നിരവളി ഒളിക്യാമറാ നഗ്ന ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. റൂമിൻ്റെ എക്സ്‌ഹോസ്റ്റ് ഫാനിൻ്റെ ഹോളിലൂടെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കൂടാതെ ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ മെഡിക്കൽ പരിശോധനയിൽ ബലാത്സംഗം നടന്നതിൻ്റെ ഫോറൻസിക് തെളിവുകളും, പ്രതികളുടെ ഡിഎൻഎ തെളിവുകൾ ഇതോട് മാച്ചായി എന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ മൊബൈൽ ഫോണിൻ്റെ ലൊക്കേഷനുകളും ക്രൈം സീനിൽ തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്.