പഞ്ചാബ്: ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും വേരുകളുള്ള ലോറൻസ് ബിഷ്ണോയി എന്ന അധോലോകസംഘം പരമ്പരാഗത കുറ്റവാളികളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, വിദേശ അന്വേഷണ ഏജൻസികൾ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് വ്യത്യസ്ത മാർഗത്തിലൂടെയുള്ള കുറ്റകൃത്യ രീതി കണ്ടെത്തിയത്.
1. ജയിലിനുള്ളിൽ നിന്നുള്ള ഭരണം
ലോറൻസ് ബിഷ്ണോയി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അതീവ സുരക്ഷാ ജയിലുകളിലാണ് കഴിയുന്നത്. എന്നാൽ കനത്ത സുരക്ഷയും മറികടന്ന് വിപിഎൻ സാങ്കേതികവിദ്യയുള്ള മൊബൈൽ ഫോണുകൾ, വോയ്സ് ഓവർ ഐപി, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ അത്യാധുനിക ആശയവിനിമയ ആപ്പുകൾ എന്നിവ ഉപയോഗിച്ചാണ് ഇയാൾ സംഘത്തെ നിയന്ത്രിക്കുന്നത്.
2. കോർപ്പറേറ്റ് ശൈലി
പഴയകാല മാഫിയകളെപ്പോലെ കേന്ദ്രീകൃത കേന്ദ്രം ഇവർക്കില്ല. പകരം കാനഡ, യുഎസ്, യൂറോപ്പ് തുടങ്ങിയ വിവിധ രാജ്യങ്ങളിലിരുന്ന് ലോറൻസിൻ്റെ സഹോദരൻ അൻമോൽ ബിഷ്ണോയി, ഗോൾഡി ബ്രാർ, രോഹിത് ഗൊദാര തുടങ്ങിയ അടുത്ത സഹായികളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
3.രഹസ്യ ശൃംഖല
ഒരു ദൗത്യത്തിൽ ഏർപ്പെടുന്ന ഷൂട്ടർമാർക്ക് അവരെ നിയന്ത്രിക്കുന്ന ഹാൻഡ്ലറെക്കുറിച്ചോ, ആയുധം എത്തിക്കുന്നവരെക്കുറിച്ചോ യാതൊരു വിവരവും ഉണ്ടാകില്ല.
3. സോഷ്യൽ മീഡിയ വഴിയുള്ള റിക്രൂട്ട്മെൻ്റ്
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ലോറൻസ് ബിഷ്ണോയിയുടെ മാസ് ചിത്രങ്ങളും ജയിൽ ദൃശ്യങ്ങളും പ്രചരിപ്പിച്ചാണ് യുവാക്കളെ ആകർഷിക്കുന്നത്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പാവപ്പെട്ട പശ്ചാത്തലമുള്ള കൗമാരക്കാരെയും കാനഡ പോലുള്ള രാജ്യങ്ങളിൽ സ്റ്റഡി പെർമിറ്റിൽ എത്തി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇന്ത്യൻ യുവാക്കളെ നോട്ടമിടുകയും പതിയെ സംഘത്തിൽ ചേർക്കുകയുമാണ് ചെയ്യുക. വൻ തുകയോ വിദേശ രാജ്യങ്ങളിലേക്കുള്ള വിസയോ വാഗ്ദാനം ചെയ്താണ് ഇവരെ ഷൂട്ടർമാരാക്കുന്നത്. സംഘത്തിൽ നിലവിൽ എഴുന്നൂറിലധികം ഷാർപ്പ് ഷൂട്ടർമാർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
4. 4-സ്റ്റെപ്പ് സ്ട്രാറ്റജി
പ്രശസ്തരായ വ്യക്തികളെ ആക്രമിക്കാൻ ബിഷ്ണോയി സംഘം കൃത്യമായ ഒരു പ്ലേബുക്കാണ് പിന്തുടരുന്നത്. കൃത്യമായ ആസൂത്രണത്തോടെ ആയിരിക്കും ആക്രമണം നടത്തുക. ആക്രമണം നടത്തി മണിക്കൂറുകൾക്കകം ഫേസ്ബുക്ക് അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി കൊലപാതകത്തിൻ്റെയോ ആക്രമണത്തിൻ്റെയോ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കുന്നു.
ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനൊപ്പം തങ്ങളുടെ അടുത്ത ഇരകൾ ആരായിരിക്കുമെന്ന മുന്നറിയിപ്പും ഇവർ പോസ്റ്റിൽ ഉൾപ്പെടുത്തും. ബോളിവുഡ് താരങ്ങൾ, പ്രമുഖ പഞ്ചാബി ഗായകർ, വൻകിട ബിസിനസുകാർ എന്നിവരിൽ നിന്ന് കോടികളാണ് ഇവർ ഭീഷണിപ്പെടുത്തി തട്ടുന്നത്. പണം നൽകാൻ വിസമ്മതിക്കുന്നവരുടെ വീടുകൾക്കോ ഓഫീസുകൾക്കോ നേരെ വെടിയുതിർത്ത് ഭയപ്പെടുത്തുന്നതാണ് ഇവരുടെ രീതി.
6. ആയുധ-ലഹരി കടത്ത് ശൃംഖല
പാകിസ്ഥാനിലേക്ക് ഡ്രോൺ വഴിയുള്ള അതിർത്തി കടന്നുള്ള ആയുധക്കടത്ത് ശൃംഖലയുമായും ഇവർക്ക് ബന്ധമുണ്ടെന്നും വിവരമുണ്ട്. 1993-ൽ ജനിച്ച ലോറൻസ് ബിഷ്ണോയ് ആണ് ഇതിൻ്റെ തലവൻ. നിലവിൽ ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ ആണെങ്കിലും പുറത്തുള്ള തൻ്റെ അനുയായികൾ വഴിയാണ് ക്രിമിനൽ നെറ്റ്വർക്ക് നിയന്ത്രിക്കുന്നത്.