ഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി ഇടതുപാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത രാഹുൽ ഗാന്ധിക്ക് പിണറായിയെ ആലിംഗനം ചെയ്യാനാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇടതു പാർട്ടികൾ ഉയർത്തുന്നത്. ആളുകളെ കാണുമ്പോൾ സാധാരണ കെട്ടിപ്പിടിക്കുന്ന രീതി തനിക്കില്ലെന്നും എന്നാൽ രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടുവെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം. ബിജെപിയുടെ സഹായിയായി രാഹുൽ മാറിയെന്നും പിണറായി ആരോപിച്ചു.
പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ലെന്ന രാഹുൽഗാന്ധിയുടെ പരാമർശത്ത വിമർശിച്ച് എം.എ. ബേബിയും രംഗത്തെത്തിയിരുന്നു. അസംബന്ധങ്ങൾ പറയുന്ന ജോലി രാഹുൽ സംസ്ഥാന നേതാക്കൾക്ക് വിട്ടുകൊടുക്കണമെന്നും അഖിലേന്ത്യാ നേതൃത്വം കുറച്ചുകൂടി ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ രാഹുൽ ആലിംഗനം ചെയ്യണമെന്ന് താൻ പറയില്ല. ആലിംഗനം നിർബന്ധിച്ച് പിടിച്ചു വാങ്ങേണ്ട ഒന്നല്ല. അത് പരസ്പരം സ്നേഹവും സൗഹൃദവും തോന്നുമ്പോൾ ഉള്ളിൽ നിന്നും വരുന്ന കാര്യമാണെന്നും എം.എ. ബേബി വ്യക്തമാക്കി. നരേന്ദ്രമോദി, രാഹുൽ ഗാന്ധി ആലിംഗനവും സിപഐഎം ജനറൽ സെക്രട്ടറി ഓർമപ്പെടുത്തി.
പിണറായി വിജയനെ രാഷ്ട്രീയ എതിരാളിയായതിനാൽ കെട്ടിപ്പിടിക്കാൻ സാധിക്കാത്ത രാഹുൽ ഗാന്ധിക്ക് നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാൻ യാതൊരു മടിയുമുണ്ടായിട്ടില്ലെന്ന് എ.എ. റഹീം എംപിയും പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഇൻഡ്യാ സഖ്യ യോഗത്തിലെ രാഹുൽഗാന്ധിയുടെ പ്രസംഗം പുറത്തുവിട്ടതിലും ഇടതുപാർട്ടികൾക്ക് അതൃപ്തിയുണ്ട്. കോൺഗ്രസ് പൊതുധാരണ ലംഘിച്ചുവെന്നാണ് സിപിഐഎമ്മും സിപിഐയും വിലയിരുത്തുന്നത്. പ്രസംഗം പുറത്ത് വിട്ടത് ശരിയായില്ലെന്ന് സന്തോഷ് കുമാർ എംപി പ്രതികരിച്ചു. പ്രസംഗം പുറത്തുവിട്ടത് ഒഴിവാക്കേണ്ടതായിരുന്നു എന്നും സന്തോഷ് കുമാർ പറഞ്ഞു. പ്രസംഗം പുറത്തുവിട്ടതിലെ അസംതൃപ്തി അറിയിക്കുമെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ എട്ടിന് നടന്ന ഇൻഡ്യാ സഖ്യ യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗമാണ് കോൺഗ്രസ് പുറത്ത് വിട്ടിരുന്നത്.
അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് രാഹുൽ ഗാന്ധി ഇൻഡ്യ സഖ്യ യോഗത്തിൽ പറഞ്ഞു. സമസ്ത മേഖലകളും ആർഎസ്എസും ബിജെപിയും കയ്യടക്കുന്ന ഘട്ടത്തിൽ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ തലത്തിൽ ഒന്നിച്ചുനിൽക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാക്കരുതെന്ന പൊതു നിലപാടാണ് രാഹുൽ ഗാന്ധി പങ്കുവച്ചത്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടാകണമെന്നും ആ സമയത്ത് ഒന്നിക്കാനുളള വഴക്കം പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാകണമെന്നും രാഹുൽ പറഞ്ഞിരുന്നു.
പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്നും പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിണറായി വിജയനെ ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടാൽ താൻ തയാറല്ല. അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യം മനസിലാക്കി വേണം ഇൻഡ്യാ സഖ്യം മുന്നോട്ടുപോകാൻ. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ നിലപാടും നിലനിൽപ്പുമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇൻഡ്യാ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാൻ. ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ വീക്ഷണങ്ങളോട് കോൺഗ്രസ് പൂർണമായും വിയോജിക്കുന്നു. തല വെട്ടേണ്ടി വന്നാലും കോൺഗ്രസ് പ്രവർത്തകർ ആർഎസ്എസിന് മുന്നിൽ തലകുനിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.