ഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധിക്ക് അയവില്ല. ഇരട്ട കണക്ഷന് പൂട്ടിട്ട് കേന്ദ്ര സർക്കാർ. പൈപ്പ്ലൈൻ ഗ്യാസ് കണക്ഷൻ ഉള്ള വീടുകളിൽ ഇനി എൽപിജി സിലിണ്ടറുകൾ നൽകില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. സിലിണ്ടറുകൾ കൈവശം ഉള്ളവർ സറണ്ടർ ചെയ്യണമെന്നും കർശന നിർദേശം.
കേരളത്തിലെ കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. പാചകത്തിന് ബദൽ മാർഗം തേടുകയാണ് ഹോട്ടലുടമകൾ. സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ 70% ഹോട്ടലുകളും അടച്ചു. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവും, വിറകടുപ്പ് ഉപയോഗിക്കാൻ സാധിക്കാതാവുകയും ചെയ്തതോടെയാണ് ഹോട്ടലുകൾ അടച്ചത്. കാറ്ററിംഗ് സർവീസുകളും ഓർഡർ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു.
ഹോസ്റ്റലുകൾ, സാമൂഹിക കിച്ചൺ എന്നിവയും അടച്ചു. കൊച്ചിയിൽ നിരവധി ഹോസ്റ്റലുകളിലും മെസ്സ് അടച്ചുപൂട്ടി. വിവിധ നാടുകളിൽ നിന്നെത്തി ജോലി ചെയ്യുന്നവരും ഹോട്ടലുകൾ അടച്ചതോടെ നാട്ടിലേക്ക് മടങ്ങി. നാട്ടിലുള്ള തൊഴിലാളികളാകട്ടെ വരുമാനമില്ലാത്ത അവസ്ഥയിലാണ്. നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ മെനുവും സമയവും ക്രമീകരിച്ചു. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയും ഗണ്യമായി കുറഞ്ഞു.