ഭോപ്പാൽ: ഹിന്ദു ദൈവമായ ശ്രീകൃഷ്ണനെ വെണ്ണക്കള്ളൻ എന്ന് വിളിക്കുന്നതിനെതിരെ ക്യാംപയിൻ ആരംഭിക്കാൻ മധ്യപ്രദേശ് സർക്കാർ. കൃഷ്ണൻ്റെ കഥകൾ മോഷണത്തെയല്ല, വിപ്ലവത്തെയാണ് സൂചിപ്പിക്കുന്നത് ജനങ്ങൾക്ക് വ്യക്തമാക്കുന്നതിനാണ് ക്യാംപയിൻ. കൃഷ്ണൻ വെണ്ണകുടം പൊട്ടിച്ചത് അമ്മാവനും സ്വേച്ഛാധിപതിയുമായ കംസനെതിരെയുള്ള നിലപാടായിരുന്നുവെന്നും ജന്മാഷ്ടമി ദിനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ച കൃഷ്ണന് മോഷ്ടിക്കേണ്ടി വന്നിരുന്നില്ലെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറയുന്നു. മോഷണത്തിനു പകരം പ്രതീകാത്മകമായ പ്രവൃത്തിയായി ജനങ്ങൾ ഇതിനെ കാണുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി പരസ്യമായി വെണ്ണ കഴിക്കുകയും ചെയ്തു.
"ഗോകുലത്തിൽ ആയിരക്കണക്കിന് പശുക്കൾ ഉണ്ടായിരുന്നു. അവിടെ നിന്നുള്ള വെണ്ണയാണ് കംസന്റെ പക്കലേക്ക് പോയത്. കൃഷ്ണൻ തന്റെ സഹ ഗോപാലകരോട് പറഞ്ഞു: നിങ്ങളുടെ വെണ്ണ കഴിക്കൂ, പാത്രം പൊട്ടിക്കൂ, പക്ഷേ അത് നമ്മുടെ ശത്രുവിൻ്റെ പക്കൽ എത്താൻ അനുവദിക്കരുത്. ഇത് മോഷണമല്ല, മറിച്ച് ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ്. കൃഷ്ണന്റെ കഥ സ്നേഹത്തെക്കുറിച്ചും അനീതിക്കെതിരായ പ്രതിഷേധത്തെക്കുറിച്ചുമാണ്, മോഷണത്തെക്കുറിച്ചല്ല," മോഹൻ യാദവ് പറയുന്നു.
വെണ്ണക്കള്ളൻ എന്ന പേര് ഒഴിവാക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. "കംസന്റെ നയങ്ങൾക്കെതിരായ കൃഷ്ണന്റെ കലാപമായിരുന്നു വെണ്ണപൊട്ടിക്കൽ എന്ന് ഞങ്ങൾ ജനങ്ങളോട് പറയും. സന്യാസിമാരും മഹാന്തും ' വെണ്ണക്കള്ളൻ ' ടാഗ് ഉപേക്ഷിക്കാൻ സമ്മതിച്ചിട്ടുണ്ട്," മുഖ്യമന്ത്രിയുടെ സാംസ്കാരിക ഉപദേഷ്ടാവ് ശ്രീറാം തിവായ് പറഞ്ഞു. കഥാകൃത്തുക്കൾ, പുരോഹിതന്മാർ, മതനേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിക്കുകയാണ് പ്രതിപക്ഷം. രാഷ്ട്രീയ നേട്ടത്തിനായി സർക്കാർ പുരാണം മാറ്റിയെഴുതുകയാണെന്ന് കോൺഗ്രസ് നേതാവ് ഉമാങ് സിംഗർ ആരോപിച്ചു. വോട്ട് കൊള്ള മറയ്ക്കാനുള്ള മറ്റൊരു അടവ് മാത്രമാണിതെന്നായിരുന്നു കോൺഗ്രസ് നേതാവിൻ്റെ പക്ഷം. "മുഖ്യമന്ത്രി ശ്രീകൃഷ്ണന്റെ ലീല മാറ്റി സ്വന്തം ചരിത്രം എഴുതാൻ ആഗ്രഹിക്കുന്നു. ദൈവം വെണ്ണ മോഷ്ടിച്ചിട്ടില്ലെന്ന് ഞങ്ങൾക്കും തോന്നുന്നുണ്ട്, പക്ഷേ തന്റെ സർക്കാർ രൂപീകരിക്കാൻ അദ്ദേഹം എങ്ങനെയാണ് വോട്ട് മോഷ്ടിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കാത്തത് എന്തുകൊണ്ടാണ്? യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമാണ് ഇത്തരം പ്രചാരണങ്ങൾ ഉദ്ദേശിക്കുന്നത്," ഉമാങ് സിംഗർ വിമർശനമുന്നയിച്ചു.