
മധുരയിൽ ലക്ഷങ്ങളെ സാക്ഷിയാക്കി നിർണായക രാഷ്ട്രീയ നയപ്രഖ്യാപനം നടത്തി വിജയ്‌യുടെ തമിഴക വെട്രി കഴകം. 2026 തെരഞ്ഞെടുപ്പില്‍ ഒരു പാർട്ടിയുമായും ടിവികെ സഖ്യം രൂപീകരിക്കില്ല. 2026ൽ ഭരണം പിടിക്കുമെന്ന് രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ (മാനാട് 2.0) ടിവികെ അധ്യക്ഷന്‍ വിജയ്. പ്രസംഗത്തിൽ സ്റ്റാലിനെയും മോദിയെയും കടന്നാക്രമിച്ച വിജയ് രാഷ്ട്രീയ ശത്രു ഡിഎംകെയും പ്രത്യയശാസ്ത്ര ശത്രു ബിജെപിയെന്നും വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തമിഴ് ജനതയുടെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രത്തിലെ ബിജെപി സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിജയ് ഉന്നയിച്ചത്. താമരയിലയിൽ വെള്ളം പിടിക്കില്ല. തമിഴ് ജനത അതുപോലെയാണ്. എന്ത് വേഷം കെട്ടി വന്നാലും ബിജെപിക്ക് 2026ൽ തമിഴ്നാട്ടിൽ ഒന്നും ചെയ്യാനാകില്ലെന്നും വിജയ് പറഞ്ഞു.
മുസ്ലീം ജനവിഭാഗങ്ങളോട് ദ്രോഹം ചെയ്യാനാണോ മൂന്നാമതും മോദി അധികാരത്തിൽ വന്നത്. തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സൈന്യം അറസ്റ്റ് ചെയ്യാതിരിക്കാൻ മോദി സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ? നീറ്റ് പരീക്ഷ വേണ്ടെന്ന് പറയാന്‍ പറ്റുമോ? അദാനിക്ക് വേണ്ടി നടത്തുന്ന ഭരണമാണെന്നും തമിഴ്നാടിനെ തൊട്ടാൽ എന്ത് നടക്കുമെന്ന് തങ്ങൾ കാട്ടിത്തരുമെന്നും വിജയ് പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും രൂക്ഷ ഭാഷയിലാണ് വിജയ് വിമർശിച്ചത്. ഡിഎംകെ സർക്കാർ സ്ത്രീകളെയും സർക്കാർ ജീവനക്കാരെയും മറ്റ് ജനവിഭാഗങ്ങളെയും തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നാണ് ആരോപണം. നിങ്ങളുടെ ഭരണത്തിൽ എന്തെങ്കിലും നീതിയുണ്ടോ? സ്ത്രീ സുരക്ഷയുണ്ടോ എന്നും സ്റ്റാലിനോട് വിജയ് ചോദിച്ചു.
പ്രത്യയശാസ്ത്ര ശത്രു ബിജെപിയാണെന്നും രാഷ്ട്രീയ ശത്രു ഡിഎംകെയാണെന്നും വിജയ് ആവർത്തിച്ചു. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്. ആ മുഴുവൻ ശക്തിയും ടിവികെയ്ക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. 2026ൽ തമിഴ്നാട്ടിലെ മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും വിജയ് പ്രഖ്യാപിച്ചു.
മധുര ജില്ലയിലെ പരപതിയിലാണ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാനതല സമ്മേളനം നടന്നത്. 500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സമ്മേളന സ്ഥലത്ത് ഏകദേശം രണ്ട് ലക്ഷം പേർക്ക് സുഖമായി ഇരിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. 300 മീറ്റര്‍ നീളമുള്ള റാംപിലൂടെ അണികളെ അഭിവാദ്യം ചെയ്താണ് വിജയ് വേദിയിലേക്ക് എത്തിയത്. ടിവികെയുടെ പ്രത്യയശാസ്ത്ര നേതാക്കളായ പെരിയാർ, കാമരാജ്, ബി.ആർ. അംബേദ്കർ, വേലു നാച്ചിയാർ, ആഞ്ചലൈ അമ്മാൾ എന്നിവർക്ക് പുഷ്പാർച്ചന നടത്തിയ ശേഷമാണ് വിജയ് പാർട്ടി പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചത്.