മദ്രാസ് ഹൈക്കോടതി Source: Wikipedia
NATIONAL

ഓൺലൈൻ റിയൽമണി ഗെയിമിങ്ങിന് നിയന്ത്രണം; ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന വാദം മദ്രാസ് ഹൈക്കോടതി തള്ളി

Author : ന്യൂസ് ഡെസ്ക്

ഓൺലൈൻ റിയൽമണി ഗെയിമുകൾ(എംആർജി) കളിക്കാൻ സമയം പരിമിതപ്പെടുത്തിയ തമിഴ്‌നാട് ഓൺലൈൻ ഗെയിമിങ് അതോറിറ്റിയുടെ (ടി‌എൻ‌ഒ‌ജി‌എ) നടപടി ശരിവെച്ച് മദ്രാസ് ഹൈക്കോടതി.

രാത്രി 12നും പുലർച്ചെ 5നും ഇടയിൽ ഇത്തരം ഗെയിമുകളിൽ ലോഗിൻ ചെയ്യരുതെന്നും മറ്റ് സമയങ്ങളിൽ ലോഗിൻ ചെയ്യാൻ തിരിച്ചറിയൽ രേഖ വേണമെന്നുമാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന വാദം ഹൈക്കോടതി തള്ളി.

2022 ലെ തമിഴ്‌നാട് ഓൺലൈൻ ചൂതാട്ട നിരോധന, ഓൺലൈൻ ഗെയിം നിയന്ത്രണ നിയമത്തിലെ സെക്ഷൻ 5(2) ഉം 14(1)(c) ഉം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ഗെയിമിംഗ് കമ്പനികളും മറ്റുള്ളവരും സമർപ്പിച്ച ഒരു കൂട്ടം റിട്ട് ഹർജികളാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.

ആർ‌എം‌ജി കളിക്കുന്നതിനുള്ള സമയം, പണം, പ്രായപരിധി തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ടി‌എൻ‌ഒ‌ജി‌എയ്ക്ക് അധികാരം നൽകുന്ന രണ്ട് നിയമ വ്യവസ്ഥകളെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. 2025 ലെ ടി‌എൻ‌ഒ‌ജി‌എ (ആർ‌എം‌ജി) റെഗുലേഷനുകളിലെ ചില വ്യവസ്ഥകൾ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടന പ്രകാരം പൊതുജനാരോഗ്യം സംസ്ഥാനത്തിൻ്റെ അധികാരപരിധിയിലാണെന്നും ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, കെ. രാജശേഖർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

"റമ്മി, പോക്കർ തുടങ്ങിയ ഓൺലൈൻ റിയൽ മണി ഗെയിമുകൾ സംസ്ഥാനത്തെ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തിയിട്ടുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. സംസ്ഥാനത്തെ പൗരന്മാർക്ക് ഈ ഗെയിമുകൾ ഗുരുതരമായ മാനസികവും ശാരീരികവുമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ടുകളിൽ ഇത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്,"ജഡ്ജിമാർ വിശദീകരിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

രാത്രിസമയത്ത് ആത്മനിയന്ത്രണം വളരെ കുറവായിരിക്കുമെന്നും പ്രതിഫലം തേടുന്ന സ്വഭാവവുമായി ബന്ധപ്പെട്ട ഡോപാമൈൻ അളവ് ഈ സമയങ്ങളിൽ വളരെ കൂടുതലായിരിക്കുമെന്നുമുള്ള ഗവേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ആർ‌എം‌ജി രാത്രികാല നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന എജിയുടെ വാദവും കോടതി ശരിവെച്ചു.

2019 നും 2024 നും ഇടയിൽ തമിഴ്‌നാട്ടിൽ ഓൺലൈൻ ഗെയിമുകളോടുള്ള ആസക്തി മൂലം 47 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ്/പൊലീസ് ഫോഴ്‌സ് മേധാവിയെ പ്രതിനിധീകരിച്ച് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. രാജ് തിലക് ഡിവിഷൻ ബെഞ്ചിനെ അറിയിച്ചുവെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ഓൺലൈൻ റിയൽമണി ഗെയിമുകളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനം മുന്നോട്ടുവെച്ച കാരണങ്ങളോട് കോടതി യോജിക്കുന്നുവെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

SCROLL FOR NEXT