മുംബൈ ട്രെയിന്‍ സ്ഫോടനത്തിന്റെ ദൃശ്യം Source: NDTV
NATIONAL

2006 മുംബൈ ട്രെയിന്‍ സ്‌ഫോടനം: പ്രതികളെ കുറ്റവിമുക്താരാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും

Author : ന്യൂസ് ഡെസ്ക്

2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 12 പ്രതികളെ വെറുതെവിട്ട ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വെറുതെവിട്ട് ഉത്തരവിറക്കിയത്. കേസില്‍ വധശിക്ഷയും ജീവപര്യന്തവും ഉള്‍പ്പെടെ വിധിക്കപ്പെട്ടവരെയാണ് വെറുതെവിട്ടത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. അഞ്ചാം പ്രതിയുടെ കുറ്റസമ്മതം അവിശ്വസിച്ചതില്‍ ഹൈക്കോടതി വളരെ വിചിത്രമായ നിരീക്ഷണമാണ് നടത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

19 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്. 2006 ജൂലൈ 11നായിരുന്നു മുംബൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ ശൃംഖലയിലെ വിവിധ സ്ഥലങ്ങളിലായി ഏഴ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 189 പേരാണ് കൊല്ലപ്പെട്ടത്. 800 ലേറെ പേര്‍ക്ക് പരിക്കേറ്റു.

12 പേരായിരുന്നു പ്രതികള്‍. 2015ല്‍ വിചാരണ കോടതി 12 പേരെയും കുറ്റക്കാരായി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചിരുന്നു. അഞ്ചു പേര്‍ക്ക് വധശിക്ഷയും ഏഴു പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു.

SCROLL FOR NEXT