മഹീന്ദ്ര ഗ്രൂപ്പ് ജീവനക്കാരനെതിരായ ബിജെഡി എംപി സുലതാ ഡിയോയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് കമ്പനി. സമൂഹ മാധ്യമങ്ങളിലൂടെ ബലാത്സംഗ, വധ ഭീഷണി ഉയർത്തിയെന്നാണ് എംപിയുടെ പരാതി. ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റം തെളിഞ്ഞാൽ വിട്ടു വീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും ആനന്ദ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു.
ഫേസ്ബുക്ക് പ്രൊഫൈൽ അനുസരിച്ച്, കമ്പനിയുടെ നാസിക് ബ്രാഞ്ചിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്നും, ബിജെപി പ്രവർത്തകനാണെന്നും എംപി പറയുന്നു."ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അടിയന്തര അന്വേഷണം ആരംഭിച്ചതായും മഹീന്ദ്ര ഗ്രൂപ്പ് അറിയിച്ചു. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, കമ്പനിയുടെ പെരുമാറ്റച്ചട്ടത്തിനും മൂല്യങ്ങൾക്കും അനുസൃതമായി കർശന നടപടി സ്വീകരിക്കും," എന്നും പ്രസ്താവനയിൽ പറയുന്നു.
"നാസിക്കിലെ മഹീന്ദ്ര കമ്പനിയിലെ ഒരു തൊഴിലാളിയും ഒരു ബിജെപി പ്രവർത്തകനും ഒരു വനിതാ എംപിയെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇതാണ് സ്ഥിതിയെങ്കിൽ, ഒഡീഷയിലെ നിരാലംബരായ സ്ത്രീകൾക്ക് എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കുക. നടപടിക്കായി ശ്രദ്ധയിൽ പെടുത്തുന്നു." പ്രധാന മന്ത്രിയുടെ ഓഫീസിനെ അഭിസംബോധന ചെയ്ത് സുലതാ ഡിയോ സമൂഹമാധ്യമത്തിൽ കുറിച്ചു. മഹീന്ദ്ര ഗ്രൂപ്പ് ജീവനക്കാരനായ സത്യബ്രത നായക് എഴുതിയ ബലാത്സംഗ, വധ ഭീഷണികളുടെ സ്ക്രീൻഷോട്ടുകൾ ബിജെഡി എംപി പോസ്റ്റ് ചെയ്തിരുന്നു.
ഇതേ വിഷയവുമായി ബന്ധപ്പെട്ട് പങ്കുവച്ച ഫേസ്ബുക്കിലെ മറ്റൊരു പോസ്റ്റിൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ "കണ്ണടച്ചിരിക്കുന്നു" എന്ന് ബിജെഡി എംപി ആരോപിച്ചു, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. നിരവധി പ്രതിപക്ഷ പാർട്ടി പ്രവർത്തകർ ശ്രീമതി ദിയോയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് പ്രതികരിച്ചു."സ്ത്രീകൾക്കെതിരായ വെറുപ്പും അക്രമവും ഇപ്പോൾ നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്. ലിംഗ നീതിയുടെ കാര്യത്തിൽ ഇന്ത്യ പിന്നോട്ട് പോകുകയാണ്," അവർ എക്‌സിൽ കുറിച്ചു. ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എംപി പ്രിയങ്ക ചതുർവേദി, ബിജെഡി എംപി സസ്മിത് പത്ര, എന്നിവർ സുലതാ ഡിയോയെ പിന്തുണച്ചെത്തി.