കർണാടകയിലെ മാണ്ഡ്യയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കാവേരി നദിയിലേക്ക് വീണ ആളെ കണ്ടെത്തുന്നതിനായി ദൗത്യം തുടരുന്നു. പിക്നിക്കിനായി വന്ന മൈസൂരു സ്വദേശിയായ മഹേഷ് (36) എന്ന ഓട്ടോ ഡ്രൈവറെയാണ് നദിയിലേക്ക് വീണ് കാണാതായത്. ശ്രീരംഗപട്ടണയിലെ സർവ ധർമ്മ ആശ്രമത്തിനടുത്തുള്ള കൃഷ്ണ രാജ സാഗർ (കെആർഎസ്) പ്രദേശത്തിന് സമീപം സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു ഇയാൾ.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ മഹേഷ് പാലത്തിൽ നിന്ന് കാൽ വഴുതി നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉയർന്ന ജലനിരപ്പും ശക്തമായ ഒഴുക്ക് ആയതിനാൽ, അയാൾ പെട്ടെന്ന് ഒഴുകിപ്പോയി. കാവേരി നദിയിൽ അദ്ദേഹം ഒഴുക്കിൽപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ സുഹൃത്തിൻ്റെ വീഡിയോയിൽ പതിഞ്ഞു. അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്ത് ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. കെആർഎസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച മാണ്ഡ്യ ജില്ലയിൽ നടന്ന മറ്റൊരു സംഭവത്തിൽ, കൊപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിശ്വേശ്വരയ്യ കനാലിലെ പാലത്തിൽ വെച്ച് ഇടിച്ച് മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർ മരിച്ചിരുന്നു. പാലം കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് റെയിലിംഗിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു.