കന്നഡ ഭാഷയെക്കുറിച്ച് സംസാരിക്കുന്നതിന് കമൽ ഹാസന് താൽക്കാലിക വിലക്ക്

ഇതിഹാസ തുല്യനായ നടൻ ഇനി കന്നഡയെക്കുറിച്ച് അഭിപ്രായം പറയരുതെന്നാണ് ബെംഗളൂരുവിലെ 31ാമത് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Kamal Haasan
കമൽ ഹാസൻSource: X/ Kamal Haasan
Published on

അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ കമൽ ഹാസൻ കന്നഡ ഭാഷയെക്കുറിച്ച് സംസാരിക്കുന്നത് വിലക്കി ബെംഗളൂരു സിവിൽ കോടതി. ഇതിഹാസ തുല്യനായ നടൻ ഇനി കന്നഡയെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് ബെംഗളൂരുവിലെ 31-ാമത് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കന്നഡ സാഹിത്യ പരിഷത്ത് ചെയർമാൻ മഹേഷ് ജോഷി ജൂലൈ 2ന് സമർപ്പിച്ച ഹർജിയെ തുടർന്ന് ജൂലൈ 4നാണ് കമലിനെതിരെ താൽക്കാലിക വിലക്ക് നിലവിൽ വന്നത്. കന്നഡ സാഹിത്യ പരിഷത്തിന് കന്നഡക്കാരുടെയും അവരുടെ സാഹിത്യ, സംസ്കാരിക താൽപ്പര്യങ്ങൾക്കായി ഏത് നടപടിയും സ്വീകരിക്കാൻ അധികാരമുണ്ടെന്നും സിവിൽ കോടതി വ്യക്തമാക്കി.

"ഒരു ഭാഷയുടെ ശ്രേഷ്ഠത അവകാശപ്പെടുന്ന ഏതെങ്കിലും പ്രസ്താവനയോ പരാമർശമോ കമൽ ഹാസൻ നടത്തുന്നത് തടയുന്നതിനും അതുവഴി കന്നഡ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനും തടയുന്നതിന് താൽക്കാലിക വിലക്ക് നൽകേണ്ടത് ആവശ്യമാണ്. കോടതി അടുത്ത വാദം കേൾക്കുന്നത് വരെ നടൻ കന്നഡിഗരുടെ ഭൂമി, ഭാഷ, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് പരാമർശങ്ങളൊന്നും നടത്തരുത്," സിവിൽ കോടതി ഉത്തരവിൽ വ്യക്തമാക്കി.

Kamal Haasan
കമൽ ഹാസന് ആശ്വാസം! തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി

മണിരത്നം സംവിധാനം ചെയ്ത 'തഗ്‌ലൈഫ്' എന്ന സിനിമയുടെ പ്രമോഷനിടെ പ്രസംഗത്തിനിടെ "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" എന്ന് കമൽ ഹാസൻ പറഞ്ഞതായി കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കന്നഡിഗരുടെ വികാരം നടൻ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ജൂൺ 5ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്യാനിരുന്ന മണിരത്നം ചിത്രത്തിൻ്റെ കർണാടകയിലെ റിലീസ് തടഞ്ഞിരുന്നു.

പിന്നീട് കർണാടക ഹൈക്കോടതിയെ സമീപിച്ച കമൽ ഹാസൻ ചിത്രത്തിൻ്റെ റിലീസിങ് ഹൈക്കോടതി ഉത്തരവോടെ നടപ്പാക്കിയിരുന്നു. അന്തിമ വിധി പ്രഖ്യാപനത്തിൽ സിനിമയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ച ഹൈക്കോടതി റിലീസിങ് തടയരുതെന്ന് സിനിമാ സംഘടനകൾക്ക് നിർദേശം നൽകിയിരുന്നു.

അതേസമയം, ഹർജി പരിഗണിക്കവെ കമൽ ഹാസൻ്റെ നിലപാടുകളെയും കോടതി വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ആവാമെന്നും പക്ഷേ അത് മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തിൽ ആവരുതെന്നും കോടതി നടന് മുന്നറിയിപ്പ് നൽകി.

Kamal Haasan
"തമിഴന്മാർ ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ ത്യജിക്കുന്നവർ, അവരോട് കളിക്കരുത്"; കേന്ദ്രത്തിന് മുന്നറിയിപ്പുമായി കമൽ ഹാസൻ

കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും പരാമർശം പിൻവലിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാനും കോടതി നിർദേശിച്ചു. പറഞ്ഞത് തെറ്റാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മാപ്പ് പറയുമെന്നും തെറ്റല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പറയില്ലെന്ന നിലപാടാണ് കമല്‍ ഹാസന്‍ ഈ വിഷയത്തില്‍ എടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com