കോഴിക്കോട് : ലക്ഷദ്വീപില്‍ കുടുങ്ങിയ 8 മത്സ്യത്തൊഴിലാളികളെ 14 ദിവസമായിട്ടും നാട്ടിലെത്തിക്കാന്‍ സാധിച്ചില്ലെന്ന് പരാതി. ബേപ്പൂരില്‍ നിന്നും നവംബര്‍ നാലിന് മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ടാണ് ലക്ഷദ്വീപില്‍ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലാണ് മത്സ്യ തൊഴിലാളികളെയും ബോട്ടും പിടിച്ചുവെച്ചിരിക്കുന്നത്
ചാലിയം ചെറുപുരക്കല്‍ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള 'അല്‍ ഇലാഹി' ബോട്ട് ആണ് കുടുങ്ങിക്കിടക്കുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ച് 670 രൂപയുടെ മത്സ്യം പിടികൂടിയെന്നും അതിന്റെ പത്തിരട്ടി പിഴയടക്കണമെന്നും കാണിച്ചുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രെഷന്റെ മെയില്‍ ബോട്ട് ഉടമയ്ക്ക് ലഭിച്ചു. പണം അടക്കാമെന്ന് മറുപടി മെയില്‍ അയച്ചെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് ബോട്ട് ഉടമ പറയുന്നത്.
ബോട്ട് പിടിച്ചെടുത്ത ഫിഷറീസ് ഉദ്യോഗസ്ഥന്‍ ദീപാവലി ലീവിന് പോയതും പകരം വന്ന ഉദ്യോഗസ്ഥന് ഫയലുകള്‍ കൈമാറാത്തതുമാണ് നടപടി വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സ്രാങ്ക് വിജിന്‍ ഉള്‍പ്പെടെ തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ ഏഴു പേരും ഒരു മാറാട് സ്വദേശിയുമാണ് ബോട്ടിലുള്ളത്. ബോട്ടിനകത്ത് തന്നെ കഴിയുന്ന മത്സ്യ തൊഴിലാളികളുടെ കൈയ്യിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും കഴിഞ്ഞിരിക്കുകയാണ്. ഇതോടെ തെഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്.
അതിനിടെ, ബോട്ടിലെ 5 ലക്ഷം രൂപ വിലവരുന്ന ഗില്‍നെറ്റ് വല ആന്ത്രോത്ത് ദീപിലെ മത്സ്യത്തൊഴിലാളികള്‍ നശിപ്പിച്ചതായും ഉടമ പറയുന്നു.