

തിരുവനന്തപുരം: ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. 'ചങ്ങാതിക്കൂട്ടം' എന്ന സോഷ്യൽ മീഡിയ പേജിൽ സുഹൈൽ ഷാജഹാൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ നീക്കം ചെയ്യുന്നതിനാണ് ഇയാൾ തിരുവനന്തപുരത്തെ ആശുപത്രി ഉടമയോട് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്.
ആശുപത്രിക്കെതിരെ വ്യാജ വാർത്ത നൽകിയത് പിൻവലിക്കാൻ ഡോക്ടറിൽ നിന്ന് സുഹൈൽ ഷാജഹാൻ 10 ലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പണം നൽകിയാൽ വാർത്തകളൊന്നും വരില്ലെന്ന് സുഹൈൽ ഉറപ്പ് നൽകുന്ന ശബ്ദരേഖയും പുറത്ത് വന്നു. അറസ്റ്റിലായ സുഹൈലിനെ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദന ഉണ്ടെന്ന സുഹൈലിൻ്റെ വാദം അഭിനയമാണെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ എകെജി സെന്‍ററിന് നേർക്ക് ബോംബെറിഞ്ഞ കേസിലും സുഹൈൽ ഷാജഹാൻ പ്രതിയാണ്. കൊച്ചിയിൽ ഗുണ്ടകളെ സംഘടിപ്പിച്ച് തൂഫാൻ യോഗം നടത്തിയതും സുഹൈൽ ആയിരുന്നു. ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന കാര്യം ആശുപത്രി അധികൃതർ പേട്ട പൊലീസിനെ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങിയപ്പോൾ പൊലീസ് സുഹൈലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സുഹൈൽ ഇത്തരത്തിൽ മറ്റ് ആശുപത്രികളിലും തട്ടിപ്പ് നടത്തിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എകെജി സെൻ്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെ ഇൻ്റർപോൾ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.