തമിഴ്‌നാട്ടിൽ ഡീസലുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു Source: X/ @Rajmajiofficial
NATIONAL

തമിഴ്‌നാട്ടിൽ ഡീസലുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു; എട്ട് ട്രെയിനുകൾ റദ്ദാക്കിയെന്ന് റെയിൽവേ

അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീവ്രമായ ശ്രമങ്ങൾക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കി.

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിൽ ഡീസൽ കൊണ്ടുപോകുന്ന ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. മണാലിയിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.

തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 5:30 ഓടെ ഡീസൽ കയറ്റിയ ഒരു ഗുഡ്‌സ് ട്രെയിനിൻ്റെ നാല് വാഗണുകളിലാണ് വൻ തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ വാഗണുകളിൽ നിന്ന് തീജ്വാലകളും കട്ടിയുള്ള കറുത്ത പുക ഉയർന്നിരുന്നു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീവ്രമായ ശ്രമങ്ങൾക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കി. ആളപായമോ ചുറ്റുമുള്ള വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. "ട്രെയിൻ പൂർണമായും നിയന്ത്രണ വിധേയമാണ്. നിലവിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ല, എന്ന് പൊലീസ് സൂപ്രണ്ട് എ. ശ്രീനിവാസ പെരുമാൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

തീപിടിത്തത്തിൻ്റെ കാരണം ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു.

ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചതിനെത്തുടർന്ന്, മാർഗനിർദേശമോ സഹായമോ ആവശ്യമുള്ള യാത്രക്കാർ 044-25354151  044-24354995 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 20608 മൈസൂരു - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്, ട്രെയിൻ നമ്പർ 12008 മൈസൂരു - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ ശതാബ്ദി എക്സ്പ്രസ്, ട്രെയിൻ നമ്പർ 12640 കെ.എസ്.ആർ ബെംഗളൂരു - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ ബൃന്ദാവൻ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകളെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

SCROLL FOR NEXT