സെൽഫി എടുക്കാനായി പാലത്തിൽ ബൈക്ക് നിർത്താൻ ഭാര്യ ആവശ്യപ്പെട്ടു. സെൽഫി എടുക്കുന്നതിനിടെ ഭർത്താവിനെ നദിയിലേക്ക് തള്ളിയിട്ട് നവവധു. യുവാവിനെ രക്ഷപ്പെടുത്തി നാട്ടുകാർ.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. സെൽഫി എടുക്കാനായി പാലത്തിൽ പോകാമെന്ന് ഭാര്യ പറഞ്ഞപ്പോൾ ഭർത്താവ് ബൈക്കെടുത്തിറങ്ങി. എന്നാൽ സെൽഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും ഭാര്യ തള്ളി താഴേക്കിട്ടു. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം.
കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തളളിയിട്ടത്. പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റി.
ഭർത്താവ് അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് നാട്ടുകാരോട് യുവതി പറഞ്ഞത്. എന്നാൽ രക്ഷപ്പെട്ട് മുകളിലേക്ക് കയറിയ യുവാവ് പറഞ്ഞത് തന്നെ ഭാര്യയാണ് താഴേക്കിട്ടത് എന്നാണ്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് വിഡിയോ തെളിവുകള്‍ പരിശോധിച്ചു കൂടുതല്‍ അന്വേഷണം നടത്തുകയാണ്.