NATIONAL

ലക്ഷദ്വീപ് ഫിഷറീസ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍: ചൂര ഉൽപ്പാദനം കൂട്ടും, സ്പോർട്സ് ഫിഷിങ് പ്രോത്സാഹിപ്പിക്കും

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലക്ഷദ്വീപിലെ വാർഷിക ചൂര (ട്യൂണ) ഉൽപാദനം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50,000 ടണ്ണായി ഉയർത്തുന്നതുൾപ്പെടെ പദ്ധതികളുമായി ദ്വീപ് മത്സ്യമേഖലയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന സംയുക്ത ഗുണഭോക്തൃ ചർച്ചയിലാണ് മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകിയത്.

ദ്വീപിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്. ചൂരപിടുത്തം നിലവിലുള്ളതിനേക്കാൾ ഇരട്ടിയലധികമാക്കാനാണ് ലക്ഷ്യമിടുന്നത്. ആഴക്കടൽ ചൂരപിടുത്തത്തിന്റെ വ്യാപനം, മാരികൾച്ചർ (കടൽ മത്സ്യകൃഷി), കടൽപ്പായൽ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയും ഇതിൽ ഉള്‍പ്പെടും.

ആഴക്കടൽ ബോട്ടുകൾ, കടൽപ്പായൽ കൃഷി

ദ്വീപിലെ ബ്ലൂ ഇക്കോണമി ശക്തിപ്പെടുത്തുന്നതിനായി നിരവധി നിർണായക നിർദേശങ്ങളാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്. 24 മീറ്ററിൽ താഴെ നീളമുള്ള 50 പുതിയ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ അനുവദിക്കും. അഞ്ച് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കടൽപ്പായൽ കൃഷി വ്യാപിപ്പിക്കും. വലിയ തോതിൽ സമുദ്ര അലങ്കാര മത്സ്യങ്ങൾ വളർത്തുന്ന 10 മീഡിയം സ്‌കെയിൽ യൂണിറ്റുകൾ സ്ഥാപിക്കും. ദ്വീപുകളിലെ 4,200 ചതുരശ്ര കിലോമീറ്റർ വരുന്ന കായൽ (ലഗൂൺ) പരപ്പും 300-ലധികം വൈവിധ്യമാർന്ന അലങ്കാര മത്സ്യങ്ങളുടെ സാന്നിധ്യവും ഇതിന് പ്രയോജനപ്പെടുത്തും.

സ്പോർട്സ് ഫിഷിങ്, വിനോദ മത്സ്യബന്ധന ബോട്ടുകൾ

ലക്ഷദ്വീപിൽ ടൂറിസം പദ്ധതികൾ വികസിക്കുന്ന പശ്ചാത്തലത്തിൽ സ്പോർട്സ് ഫിഷിങ്, വിനോദ മത്സ്യബന്ധന ബോട്ടുകൾ എന്നിവ പ്രോത്സാഹിപ്പിക്കും. മത്സ്യബന്ധന മേഖലയുടെ നവീകരണത്തിനായി പുതിയ ബോട്ട് നിർമാണ യാർഡുകൾ, അത്യാധുനിക കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, 50 മൂല്യവർധിത ഉൽപ്പാദന യൂണിറ്റുകൾ, മത്സ്യ സംഭരണ യാനങ്ങൾ (മദർ വെസൽ), മെക്കാനിക്കൽ വർക്ക്‌ ഷോപ്പുകൾ എന്നിവ സ്ഥാപിക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ, കുടുംബശ്രീ മാതൃകയിലുള്ള സ്വയംസഹായ സംഘങ്ങൾ, വനിതാ സംരംഭകർ എന്നിവരെ സജീവ പങ്കാളികളാക്കിയായിരിക്കും വികസന പദ്ധതികൾ നടപ്പാക്കുക.

സിഎംഎഫ്ആർഐയിൽ നടന്ന ഗുണഭോക്തൃ ചർച്ച

ലക്ഷദ്വീപ് ഫിഷറീസ് വികസനത്തിന്റെ നോഡൽ ഏജൻസിയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത് സി.എം.എഫ്.ആർ.ഐയാണ്. അടുത്ത അഞ്ച് വർഷത്തേക്ക് മത്സ്യോൽപ്പാദനം വർധിപ്പിക്കുന്നതിനായിരിക്കും ഭരണകൂടം പ്രഥമ പരിഗണന നൽകുകയെന്ന് യോഗം ഉദ്ഘാടനം ചെയ്ത ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് ഐഎഫ്‌എസ് പറഞ്ഞു. ലക്ഷദ്വീപിന്റെ സമ്പന്നമായ സമുദ്രവിഭവങ്ങൾ ഇതുവരെ പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും, അത്യാധുനിക സാങ്കേതിക സഹായത്തോടെ ഈ മേഖലയുടെ സുസ്ഥിര വികസനത്തിന് സിഎംഎഫ്‌ആർഐ നേതൃത്വം നൽകുമെന്നും അധ്യക്ഷത വഹിച്ച ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ. മുഹമ്മദ് കോയ, എൻഎഫ്‌ഡിബി സീനിയർ എക്സിക്യൂട്ടീവ് ഡോ. കാഞ്ചി ഭാർഗവി തുടങ്ങിയവർ സംസാരിച്ചു.

കേന്ദ്ര ഫിഷറീസ് വകുപ്പ്, ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്, നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ്, സിഎംഎഫ്ആർഐ, സിഫ്റ്റ്, എംപിഇഡിഎ, സിഫ്നെറ്റ്, നിഫാറ്റ്, എഫ്‌എസ്‌ഐ എന്നിവയിലെ പ്രതിനിധികൾ, ലക്ഷദ്വീപിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ, സംരംഭകർ, സഹകരണ സംഘം ഭാരവാഹികൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന വഴി ഫണ്ട് കണ്ടെത്തിയായിരിക്കും പദ്ധതികൾ നടപ്പാക്കുക.

SCROLL FOR NEXT