"സൂപ്പർ സെൻസർമാരല്ല"; എല്ലാ ഉള്ളടക്കങ്ങളും മുൻകൂട്ടി തിരിച്ചറിയാനും നീക്കം ചെയ്യാനുമാകില്ലെന്ന് മെറ്റയും ഗൂഗിളും

'സൂപ്പർ സെൻസർമാരായി' തങ്ങളെ മാറ്റാൻ കഴിയില്ലെന്നും ഇരു കമ്പനികളും കോടതിയിൽ വ്യക്തമാക്കി
"സൂപ്പർ സെൻസർമാരല്ല"; എല്ലാ ഉള്ളടക്കങ്ങളും മുൻകൂട്ടി തിരിച്ചറിയാനും നീക്കം ചെയ്യാനുമാകില്ലെന്ന് മെറ്റയും ഗൂഗിളും
Published on
Updated on

‍ഡൽഹി: ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും നീക്കം ചെയ്യാനും കഴിയില്ലെന്ന് ഗൂഗിളും മെറ്റയും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അത്തരം ഉള്ളടക്കങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് സ്‌ക്രീൻ ചെയ്യാനുള്ള ബാധ്യതയോ സാങ്കേതിക ശേഷിയോ തങ്ങൾക്കില്ലെന്നും 'സൂപ്പർ സെൻസർമാരായി' തങ്ങളെ മാറ്റാൻ കഴിയില്ലെന്നും ഇരു കമ്പനികളും കോടതിയിൽ വ്യക്തമാക്കി. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് അഡ്വ. വൈഭവ് സിംഗ് നൽകിയ ഹർജിയിലാണ് കമ്പനികളുടെ പ്രതികരണം.

കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും വിലക്കുന്ന ചട്ടങ്ങൾ ലംഘിച്ചാണ് ഈ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നതെന്നാണ് ഹർജിയിലുള്ളത്. ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായി ഇത്തരം ഉള്ളടക്കങ്ങൾ സ്വമേധയാ കണ്ടെത്തി നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ ഇതി സാധ്യമല്ലെന്നും ഇന്ത്യയിലെ നിലവിലെ നിയമങ്ങൾ പ്രകാരം ഉപയോക്താക്കളുടെ ഉള്ളടക്കങ്ങൾ മുൻകൂട്ടി പരിശോധിക്കാൻ തങ്ങളോട് ആവശ്യപ്പെടുന്നില്ലെന്നുമാണ് കമ്പനികൾ വ്യക്തമാക്കിയത്.

"സൂപ്പർ സെൻസർമാരല്ല"; എല്ലാ ഉള്ളടക്കങ്ങളും മുൻകൂട്ടി തിരിച്ചറിയാനും നീക്കം ചെയ്യാനുമാകില്ലെന്ന് മെറ്റയും ഗൂഗിളും
കരൂർ ദുരന്തം; വിജയ്‌ക്കെതിരായ ഹർജിയിൽ ഡിഎംകെയെ ശകാരിച്ച് സുപ്രീം കോടതി

അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം നിയമവിരുദ്ധമാണോ എന്ന് പരിശോധിക്കാൻ അതിന്റെ ഉറവിടം, പശ്ചാത്തലം, നിയമസാധുത, കോടതി ഉത്തരവുകൾ എന്നിവ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ പ്ലാറ്റ്‌ഫോമുകൾ സ്വയം തീരുമാനമെടുക്കാൻ നിർബന്ധിതരായാൽ അത് കോടതികൾ വിലക്കിയ സൂപ്പർ സെൻസർഷിപ്പിലേക്ക് നയിക്കും. ഫേസ്ബുക്കിന് ആഗോളതലത്തിൽ 290 കോടിയും ഇൻസ്റ്റാഗ്രാമിന് 100 കോടിയിലധികം ഉപയോക്താക്കളുമുണ്ട്. ദിവസവും ദശലക്ഷക്കണക്കിന് പോസ്റ്റുകളാണ് ഇതിൽ വരുന്നത്. കൃത്യമായ യുആർഎൽ ലിങ്കുകൾ നൽകാതെ എല്ലാ ഉള്ളടക്കങ്ങളും മുൻകൂട്ടി നിരീക്ഷിക്കുക അസാധ്യമാണെന്നും മെറ്റ കോടതിയിൽ അറിയിച്ചു.

കോടിക്കണക്കിന് വരുന്ന ഉപയോക്താക്കളുടെ പോസ്റ്റുകൾ നിരന്തരം നിരീക്ഷിക്കാൻ തങ്ങൾക്ക് നിയമപരമായ ബാധ്യതയില്ലെന്നും ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സേഫ് ഹാർബർ പരിരക്ഷയുണ്ടെന്നും ഗൂഗിളും കോടതിയെ അറിയിച്ചു. 2015ലെ സുപ്രീം കോടതിയുടെ ചരിത്രപരമായ ശ്രേയ സിംഗാൾ കേസിലെ വിധി പ്രകാ​രം കോടതിയുടെയോ സർക്കാരിന്റെയോ നിർദേശം ലഭിച്ചാൽ മാത്രമേ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾക്ക് ബാധ്യതയുള്ളൂ എന്നും ​ഗൂ​ഗിൾ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com