NATIONAL

''ബാലറ്റ് പേപ്പര്‍ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണം''; ഇവിഎം ഉപയോഗിച്ചുള്ള വോട്ടിങ്ങിനെതിരെ മായാവതി

ഇന്ത്യയിലെ വലിയൊരു ശതമാനം ജനങ്ങളും ബാലറ്റ് പേപ്പര്‍ വഴിയുള്ള തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പിനെ സ്വാധീനിക്കാനാണ് ഇവിഎം ഉപയോഗമെന്നും അവര്‍ ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയെ രൂക്ഷമായി വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ഈ വോട്ടിങ്ങിന്റെ വിശ്വാസ്യതയെ അടക്കം ചോദ്യംചെയ്തുകൊണ്ടാണ് മായാവതിയുടെ വിമര്‍ശനം. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ബാലറ്റ് പേപ്പര്‍ വഴിയുള്ള തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

''സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പിനെ സ്വാധീനിക്കാന്‍ ഇവിഎമ്മുകളെ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ബഹുജന്‍ സമാജത്തിനിടയില്‍ ബിഎസ്പി ഐക്യവും വളര്‍ച്ചയും ഉണ്ടാക്കിയതിന് ശേഷമാണ് ഇത്തരത്തില്‍ ഇവിഎമ്മുകളെ ഒരു ആയുധമായി നമ്മുടെ സംവിധാനം ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് മടങ്ങണമെന്നത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്.'' - പ്രസ്താവനയില്‍ അവര്‍ അവകാശപ്പെട്ടു.

''ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗത്തെ ആദ്യമായി എതിര്‍ത്തത് ബിഎസ്പിയാണ്. ഇവിഎമ്മിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ മുന്‍നിര്‍ത്തി ബിഎസ്പി എതിര്‍പ്പ് ആദ്യമായി അറിയിച്ച സമയത്ത്, പ്രതിപക്ഷ പാര്‍ട്ടികളടക്കം ആ നിലപാടിനെ അംഗീകരിച്ചിരുന്നില്ല. ഇന്ന്, രാജ്യത്തെ ഭൂരിഭാഗം ആളുകളും ഇവിഎം അധിഷ്ഠിത തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടിങ് പ്രക്രിയ സാധ്യമാക്കുമെന്ന് വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ ബാലറ്റ് പേപ്പറുകളിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്ന പഴയകാല രീതി പുനഃസ്ഥാപിക്കണം''- മായാവതി തന്റെ നിലപാട് വ്യക്തമാക്കി.

SCROLL FOR NEXT