Source: X
NATIONAL

ഇന്ത്യ-യുഎസ് വാണിജ്യ കരാർ; ഹവെഡ് ലുട്നിക്കിന്റെ വാദം തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം

ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നതിൽ താൻ സന്തോഷവാനല്ല എന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ലുട്നിക്കിൻ്റെ പരാമർശം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യ- അമേരിക്ക വാണിജ്യ കരാർ സംബന്ധിച്ച യുഎസ് വാണിജ്യ സെക്രട്ടറിയുടെ വാദം തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ വർഷം ഇരു നേതാക്കളും തമ്മിൽ എട്ട് തവണ ഫോണിൽ സംസാരിച്ചുവെന്നും താരിഫ് വിഷയം ഉൾപ്പടെ നിലനിൽക്കെ ആയിരുന്നു സംഭാഷണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ആശയവിനിമയം നടത്താത്തതാണ് കരാർ പരാജയപ്പെടാൻ കാരണമെന്നായിരുന്നു ഹവെഡ് ലുട്നിക്കിൻ്റെ പരാമർശം.

മോദി ട്രംപിനെ വിളിക്കാത്തതുകൊണ്ടാണ് ഇന്ത്യ-യുഎസ് വാണിജ്യ കരാർ സാധ്യമാവാത്തത് എന്നായിരുന്നു ഹവെഡ് ലുട്നിക്ക് പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും തയാറായിരുന്നു. ട്രംപ് മോദിയിൽ നിന്നും കോൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മോദി വിളിച്ചില്ല. ഡീൽ ചർച്ചചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇന്ത്യ അമേരിക്കയുമായി ബന്ധപ്പെട്ടതെന്നും യുഎസ് വാണിജ്യ സെക്രട്ടറി പറഞ്ഞിരുന്നു.

'ഓൾ ഇൻ' എന്ന പോഡ്കാസ്റ്റിൽ ചമത്ത് പാലിഹാപീതിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലുട്നിക്ക് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നതിൽ താൻ സന്തോഷവാനല്ല എന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ലുട്നിക്കിൻ്റെ പരാമർശം. ഇതോടെയാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

SCROLL FOR NEXT