മേഘാലയയിൽ വെച്ച് കാണാതായ ദമ്പതികൾ 
NATIONAL

''ചെങ്കുത്തായ പ്രദേശമാണ്, അവര്‍ ട്രെക്കിങ്ങിനോ മറ്റോ പോയതാവാം''; ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ മേഘാലയ മുഖ്യമന്ത്രി

മെയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മെയ് 20നാണ് ഹണിമൂണ്‍ യാത്ര തുടങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതികളെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ. സര്‍ക്കാര്‍ ഇവരെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ ചിലപ്പോള്‍ ഓഫ് റോഡ് ട്രെക്കിങ്ങിന് പോയതായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ബൈക്ക് അവിടെ ഉപേക്ഷിച്ച് അവര്‍ ഒരു ഓഫ് റോഡ് ട്രെക്കിങ്ങിനോ മറ്റോ പോയതാകാന്‍ സാധ്യതയുണ്ട്. അവരെ കാണാതായെന്ന് പറയുന്ന സ്ഥലം അത്തരത്തിലുള്ളതാണ്. ചെങ്കുത്തായ പ്രദേശങ്ങളാണ്. വഴുക്കുള്ള പ്രദേശവുമാണ്. തെരച്ചില്‍ നടത്താനുള്ള പ്രദേശം വളരെ വലുതാണ്. അവരെ കണ്ടെത്താനാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,' മേഘാലയ മുഖ്യമന്ത്രി പറഞ്ഞു.

ട്രാന്‍സ്‌പോര്‍ട്ട് വ്യവസായി രാജയെയും അദ്ദേഹത്തിന്റെ ഭാര്യ സോനത്തെയുമാണ് അഞ്ച് ദിവസം മുമ്പ് കാണാതായത്. ഇരുവരും മധ്യപ്രദേശ് സ്വദേശികളാണ്. ഹണിമൂണിനായി എത്തിയ ദമ്പതികള്‍ കാണാതാവുന്നതിന് മുമ്പ് ഉപയോഗിച്ച വാടകയ്‌ക്കെടുത്ത ബൈക്ക് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

അവരെ കണ്ടെത്താല്‍ എല്ലാ ഗ്രാമങ്ങളും സഹായം അറിയിച്ചിട്ടുണ്ട്. ഭരണകൂടത്തോടൊപ്പം അവരും നമുക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. പോസിറ്റീവ് ആയ റിസള്‍ട്ട് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരുവരെയും കണ്ടെത്താനായി വന മേഖലകളിലടക്കം തെരച്ചില്‍ പുരോഗമിക്കുകയാണ്. മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തെയും കാണാതാവുന്നത് ചിറാപുഞ്ചിയിലേക്കുള്ള യാത്രക്കിടെയാണ്. റോഡരികിലായാണ് ഇവര്‍ വാടകയ്‌ക്കെടുത്ത ബൈക്ക് കിടന്നത്.

മെയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മെയ് 20നാണ് ഹണിമൂണ്‍ യാത്ര തുടങ്ങിയത്. ഗുവാഹത്തിയിലെത്തി ഒരു ക്ഷേത്രം സന്ദര്‍ശിച്ചാണ് ഇവര്‍ മേഘാലയയിലേക്ക് പുറപ്പെട്ടത്. മെയ് 23നാണ് മകന്‍ അവസാനമായി ഫോണിലൂടെ താനുമായി ബന്ധപ്പെട്ടതെന്നാണ് അമ്മ പറഞ്ഞത്. ഇതിന് ശേഷം രണ്ട് പേരുടെ ഫോണുകളിലേക്ക് വിളിച്ചെങ്കിലും റിംഗ് ചെയ്തതല്ലാതെ എടുത്തില്ല. എന്നാല്‍ അടുത്ത ദിവസം മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞതെന്നും അമ്മ പ്രതികരിച്ചു.

SCROLL FOR NEXT